അഭിഭാഷകനായി മഅദനിയുടെ മകന്‍

0


കൊച്ചി: അഭിഭാഷക കുപ്പായമണിഞ്ഞ്‌ ഹൈക്കോടതി ജഡ്‌ജിക്ക്‌ മുന്നില്‍ സത്യവാചകം ചൊല്ലിയ സലാഹുദ്ദീന്‍ അയ്യൂബിക്ക്‌ ഇനി പിതാവിന്റെ നിയമപോരാട്ട വഴിയില്‍ ഭാഗമാകാനാകുമെന്ന പ്രതീക്ഷ. പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുള്‍ നാസിര്‍ മഅദനിയുടെ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയാണ്‌ ഇന്നലെ അഭിഭാഷകനായത്‌. പിതാവിനായി കോടതിക്കുള്ളില്‍ മറ്റ്‌ മുതിര്‍ന്ന അഭിഭാഷകരുമായി സഹകരിച്ച്‌ നിയമനീക്കങ്ങളുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക്‌ പത്ത്‌ മാസം പ്രായമുള്ളപ്പോഴാണ്‌ പിതാവിനെ കോയമ്പത്തൂര്‍ ജയിലില്‍ അടയ്‌ക്കുന്നതെന്നും പിന്നീട്‌ തന്റെ ലോകം പ്രധാനമായി കോയമ്പത്തൂര്‍, സേലം ജയിലുകളിലെ സന്ദര്‍ശകമുറികളും 13 വര്‍ഷം ഹോസ്‌റ്റലുകളുമായിരുന്നെന്നും അയ്യൂബി പറഞ്ഞു.
” മാനസികപീഡനങ്ങളുടെ നടുവിലൂടെയാണു വളര്‍ന്നത്‌. ഒരിക്കല്‍ മാതാവ്‌ സൂഫിയയെ ജയില്‍ കവാടത്തില്‍വച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ച പോലീസ്‌ ഉദ്യോഗസ്‌ഥരെ കുഞ്ഞുകൈകള്‍ കൊണ്ട്‌ തടുക്കാന്‍ ശ്രമിച്ചതിന്‌ ജയില്‍ മുറ്റത്തേക്ക്‌ വലിച്ചെറിയപ്പെട്ടു. ചോരയൊഴുകുന്ന മുഖത്തോടെ ജയില്‍ കവാടത്തില്‍ നില്‍ക്കുന്നത്‌ എപ്പോഴെത്തെയും മറക്കാനാവാത്ത അനുഭവങ്ങളാണ്‌.
നല്ല മാര്‍ക്കോടെ എല്‍.എല്‍.ബി പാസായതിന്റെ സന്തോഷം പങ്കുവയ്‌ക്കുമ്പോള്‍ തന്നെ അവിടെ എത്തിപ്പെടാന്‍ ഒട്ടനവധി വിഷമങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു.” – സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു. മാതാവ്‌ സൂഫിയ മദനിക്കൊപ്പമാണ്‌ ഇന്നലെ എന്‍റോള്‍ ചെയ്യാന്‍ എത്തിയത്‌.

Leave a Reply