സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകി ഡിജിപി

0

സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകി ഡിജിപി. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുൻനിർത്തിയാണ് ഡി.ജി.പി അനിൽ കാന്ത് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാൻ യൂണിറ്റ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഇത്തരം ചെലവിനായി ഇതിനകം ജില്ലകൾക്ക് പണം കൈമാറിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ വിശിഷ്ടവ്യക്തികൾ സംസ്ഥാനം സന്ദർശിക്കുന്നതിനാൽ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടി വരും. അവർക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കാൻ നിർദേശിച്ചു. പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പൊലീസ് ഉദ്യോഗസ്ഥർ തീ പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.

സ്റ്റേഷനുകളിലും മറ്റ് ഓഫിസുകളുടെ പരിസരത്തും പക്ഷികൾക്കും മൃഗങ്ങൾക്കുമായി പാത്രങ്ങളിൽ വെള്ളം കരുതണം. പടക്കം വിൽക്കുന്ന കടകൾ പ്രത്യേകം നിരീക്ഷിക്കാനും ലൈസൻസ് ഇല്ലാതെ ഇത്തരം കടകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകി. അടിയന്തരഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ പൊലീസ് കൺട്രോൾ റൂമിലും 0471 2722500, 9497900999 എന്നീ നമ്പറുകളിൽ ഡി.ജി.പിയുടെ കൺട്രോൾ റൂമിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here