ശബരിമലയിലെ ആഭരണങ്ങള്‍ , ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്‌ റൂമില്‍ കൂടുതല്‍ പരിശോധനയ്‌ക്കു സാധ്യത

0


കോഴഞ്ചേരി: ദേവസ്വം ബോര്‍ഡിന്റെ ആറന്മുള സ്‌ട്രോങ്‌ റൂമില്‍ കുടുതല്‍ പരിശോധനയ്‌ക്കു സാധ്യത. ശബരിമലയില്‍ മണ്ഡല-മകരവിളക്ക്‌ കാലത്തു ലഭിച്ച സ്വര്‍ണം, വെള്ളി വഴിപാട്‌ സാധനങ്ങളില്‍ കുറവുണ്ടെന്ന പരാതിയിലാണ്‌ ആദ്യം പരിശോധന നടത്തിയത്‌. ഇവയുടെ തൂക്കത്തില്‍ കുറവുണ്ടായിട്ടില്ലെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്‌. ഇതേത്തുടര്‍ന്നാണ്‌ കൂടുതല്‍ പരിശോധനയ്‌ക്കു നീക്കം നടക്കുന്നത്‌.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ദേവസ്വം ട്രഷറിയില്‍ രണ്ടു സ്‌ട്രോങ്‌ റൂമുകളാണുള്ളത്‌. ഒന്നു ശബരിമലയ്‌ക്കു മാത്രമുള്ളതും മറ്റൊന്ന്‌ ആറന്മുള ഗ്രൂപ്പിനുള്ളതുമാണ്‌. ശബരിമല അസി.എക്‌സിക്യൂട്ടീവ്‌ ഓഫീസറും അക്കൗണ്ടന്റുമാണ്‌ ശബരിമല സ്‌ട്രോങ്‌റൂമിന്റെ ചുമതലക്കാര്‍. ആറന്മുള അസി.കമ്മിഷണര്‍ക്കാണു രണ്ടാമത്തെ സ്‌ട്രോങ്‌റൂമിന്റെ അധികാരം. ശബരിമലയില്‍നിന്നു വഴിപാട്‌ സാധനങ്ങള്‍ സ്‌ട്രോങ്‌റൂമിലേക്ക്‌ യഥാസമയം എത്തിക്കുകയോ രേഖകളില്‍ ചേര്‍ക്കുകയോ ചെയ്‌തില്ല. ഇതാണ്‌ പരാതിക്കിടയാക്കിയത്‌.
ശബരിമലയില്‍ ചുമതലയുണ്ടായിരുന്ന അക്കൗണ്ടന്റിന്‌ സര്‍ക്കാര്‍ജോലി ലഭിച്ചതോടെ ഇവിടെനിന്ന്‌ ഒഴിഞ്ഞു. പകരം ആളെ ബോര്‍ഡ്‌ നിയമിച്ചതുമില്ല. ഇതോടെ ശബരിമലയില്‍ ലഭിച്ച വഴിപാടുസാധനങ്ങള്‍ അവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു എന്നു പറയുന്നു. അവിടെ സുരക്ഷിതമല്ലെന്ന്‌ അറിയാവുന്ന ജീവനക്കാര്‍ തന്നെയാണ്‌ പരാതി നല്‍കിയതത്രേ. തുടര്‍ന്നാണ്‌ ബോര്‍ഡ്‌ അധികൃതര്‍ ഇടപെട്ടതും സന്നിധാനത്തുനിന്ന്‌ വഴിപാടുസാധനങ്ങള്‍ ആറന്മുളയിലേക്കു മാറ്റിയതും. അപ്പോഴും തീയതികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്‌.
മണ്ഡലപൂജയ്‌ക്ക്‌ സ്വാമി അയ്യപ്പനു ചാര്‍ത്താനായി ആഘോഷപൂര്‍വം ആറന്മുളയില്‍നിന്നു കൊണ്ടുപോയ തങ്ക അങ്കിയും ഇത്തരത്തില്‍ വൈകിയാണത്രേ സ്‌ട്രോങ്‌ റൂമിലേക്ക്‌ എത്തിയത്‌. ഇതും തുടരന്വേഷണത്തില്‍ ഉള്‍പ്പെട്ടേക്കും. അങ്കി മടക്കി കൊണ്ടുവരുന്നതിന്‌ കീഴ്‌വഴക്കങ്ങള്‍ നിലവിലില്ല. എന്നാല്‍ സന്നിധാനത്തു നടവരവായി ലഭിച്ച 400 പവന്‍ സ്വര്‍ണത്തില്‍ 180 പവന്‍ ആറന്മുള സ്‌ട്രോങ്‌ റൂമിലെത്തിക്കാന്‍ വൈകിയെന്നു കണ്ടെത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ സര്‍വീസിലേക്കു പോയ ദേവസ്വം ബോര്‍ഡ്‌ ജീവനക്കാരന്‍ സ്‌ട്രോങ്‌ റൂമിന്റെ താക്കോല്‍ കൈമാറിയില്ലെന്നും കണ്ടെത്തി. മകരവിളക്ക്‌ തീര്‍ഥാടനം കഴിഞ്ഞയുടന്‍ ആറന്മുളയിലെത്തിക്കേണ്ട സ്വര്‍ണം കൊണ്ടുവരാതിരുന്നത്‌ ജീവനക്കാരുടെ വീഴ്‌ചയാണെന്നുംആരോപണമുയരുന്നു.
കണക്കെടുപ്പില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ കുറവു കണ്ടെത്തിയില്ല. എന്നാല്‍ മണ്ഡലകാലത്ത്‌ സ്വര്‍ണം സൂക്ഷിച്ച സ്‌ട്രോങ്‌റൂമിന്റെ ഒരു താക്കോല്‍ ബോര്‍ഡില്‍നിന്നു മാറിപ്പോയ ജീവനക്കാരന്റെ പക്കലായിരുന്നെന്നും പുതിയ ഉദ്യോഗസ്‌ഥന്‍ ചുമതല ഏറ്റെടുക്കുംമുന്‍പ്‌ സ്‌ട്രോങ്‌റൂം പരിശോധിച്ച്‌ മഹസര്‍പ്രകാരം സ്‌റ്റോക്കിലുള്ള സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ തിട്ടപ്പെടുത്തിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. അടുത്തു ചേരുന്ന ബോര്‍ഡില്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കും. വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ തിരുവാഭരണം കമ്മിഷണറോട്‌ ബോര്‍ഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here