യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

0

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ജെ ആർമിയുടെ മുന്നണി പോരാളിയാണ് ഷുബൈഹ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെന്നും സതീശൻ സഭയിൽ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം കുറി നടത്തി. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സിബിഐയെ എതിർക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പിജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു ആകാശ് തില്ലങ്കേരി. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാൾ. സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നു. പുസ്തകം വായിക്കുന്ന പിള്ളേർക്കെതിരെ യുഎപിഎ കേസെടുക്കുന്ന സർക്കാർ ആണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണ്. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്തി സുപ്രീംകോടതിയിൽ പോകില്ല എന്ന് സർക്കാർ പറയുമോ? കാലം വന്ന് നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് പ്രതികളെ സംരക്ഷിക്കാനെന്ന് ടി. സിദ്ദീഖ് ആരോപിച്ചു. കേസിലെ 11 പ്രതികളും സിപിഎം ക്വട്ടേഷൻ സംഘമാണ്. കൊലക്ക് കാരണം രാഷ്ട്രീയമാണെന്നും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്തണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ഭീകര ക്വട്ടേഷൻ സംഘമാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സമൂഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരനെ മരം വെട്ടുന്നതും മീൻ വരയുന്നതും പോലെ അരക്ക് താഴെ 41 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. കേസിലെ 11 പ്രതികളിൽ അഞ്ച് പേർ തെരൂർ പാലയോടുകാരും ആറു പേർ തില്ലങ്കേരിക്കാരുമാണ്. ഇതെല്ലാം സിപിഎം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ഈ പ്രതികളെ പുറത്താക്കിയ പാർട്ടി സിപിഎം ആണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കുകയാണെന്ന് അച്ഛനെ ഓഫിസിൽ വിളിച്ചുവരുത്തി പറഞ്ഞത് ഏത് പാർട്ടിയാണ് പറയുന്നില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. കുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് പിതാവിനോട് പറയുന്നത് പോലെയാണ് ഇതെന്ന് സിദ്ദീഖ് പരിഹസിച്ചു.

കൊലപാതകം നടത്താൻ ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മിൽ പരസ്പര ബന്ധമില്ല. എടയന്നൂരും ഇരിക്കൂരും മട്ടന്നൂരും കഴിഞ്ഞുള്ള സ്ഥലമാണ് തില്ലങ്കേരി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതകമാണെന്നും നേതാക്കളാണ് ഇത് ചെയ്യിച്ചതെന്നും ആകാശ് തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

Leave a Reply