ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ 2019-ലുണ്ടായ തീപിടിത്തത്തിനു തൊട്ടുമുമ്പ്‌ ക്യാമറകള്‍ ഓഫായത്‌ അട്ടിമറിയായിരുന്നെന്നു കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്‍

0

കൊച്ചി : ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ 2019-ലുണ്ടായ തീപിടിത്തത്തിനു തൊട്ടുമുമ്പ്‌ ക്യാമറകള്‍ ഓഫായത്‌ അട്ടിമറിയായിരുന്നെന്നു കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്‍. മാലിന്യം കൊണ്ടുവന്ന ലോറിയില്‍ കുരുങ്ങി ക്യാമറ കേബിള്‍ പൊട്ടിയെന്നായിരുന്നു വിശദീകരണം. അതേവര്‍ഷം ഒന്നിലേറെ തീപിടിത്തമുണ്ടായത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും സൗമിനി പറഞ്ഞു.
2019-ല്‍ ഉച്ചകഴിഞ്ഞ്‌ ഒരുമണിക്കായിരുന്നു തീപിടിത്തം. ഒരുമണിക്കൂര്‍ മുമ്പുവരെ സി.സി. ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രധാനകവാടംമുതല്‍ മാലിന്യനിക്ഷേപസ്‌ഥലങ്ങള്‍ വരെ ക്യാമറകളുണ്ടായിരുന്നെങ്കിലും ഒന്നിലും ദൃശ്യങ്ങളുണ്ടായിരുന്നില്ല. പല മാലിന്യക്കൂനകളില്‍ ഒന്നിച്ച്‌ തീപടര്‍ന്നതും സംശയമുണ്ടാക്കി. ഇക്കാര്യം കൗണ്‍സിലില്‍ ഉന്നയിച്ചിരുന്നതായും കോണ്‍ഗ്രസ്‌ പ്രതിനിധിയായിരുന്ന സൗമിനി പറഞ്ഞു.

ആറടി ആഴത്തിലും തീ; പുകയടങ്ങാതെ കൊച്ചി

കൊച്ചി: ബ്രഹ്‌മപുരത്ത്‌ പ്രതിസന്ധി രൂക്ഷമാക്കിയതു മാലിന്യക്കൂമ്പാരത്തിന്റെ ആറടി താഴ്‌ചയിലുള്ള തീയണയാത്തത്‌. 10 ദിവസമായിട്ടും തീ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. 90% തീയും പുകയും ശമിച്ചെന്നാണു ജില്ലാഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍, കൊച്ചി നഗരത്തിലെ പ്രഭാതങ്ങള്‍ ഇപ്പോഴും പുക നിറഞ്ഞതാണ്‌. ആരോഗ്യപ്രശ്‌നങ്ങളുമായി മുന്നൂറിലേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി.
മാലിന്യക്കൂനയുടെ ആഴത്തിലേക്കു തീ പടര്‍ന്നതാണു വന്‍വെല്ലുവിളിയായത്‌. മാലിന്യക്കൂമ്പാരത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച്‌ കുഴിയെടുത്ത്‌ വെള്ളം പമ്പ്‌ ചെയ്യാനുള്ള ഉദ്യമം അവസാനഘട്ടത്തിലാണ്‌. രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ദൗത്യത്തില്‍ 170 അഗ്നിശമനസേനാംഗങ്ങള്‍, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മാര്‍, 11 നാവിക ഉദ്യോഗസ്‌ഥര്‍, സിയാലിലെ നാലുപേര്‍, ബി.പി.സി.എല്ലിലെ ആറുപേര്‍, 71 സിവില്‍ ഡിഫന്‍സ്‌ അംഗങ്ങള്‍, 30 കോര്‍പറേഷന്‍ ജീവനക്കാര്‍, 20 ഹോം ഗാര്‍ഡുകള്‍ എന്നിവര്‍ പങ്കാളികളായി. 23 ഫയര്‍ യൂണിറ്റുകളും 32 എസ്‌കവേറ്ററുകളും മറ്റും ഉപയോഗിച്ചാണു ദൗത്യം.

Leave a Reply