ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം 16നു ജില്ലയിലെത്തുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ ഉന്നതതല യോഗത്തിനു ശേഷം അറിയിച്ചു

0

ചിന്നക്കനാലിലെ ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ദൗത്യസംഘം 16നു ജില്ലയിലെത്തുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ ഉന്നതതല യോഗത്തിനു ശേഷം അറിയിച്ചു. ഡോ. അരുൺ സക്കറിയ നയിക്കുന്ന ടീമിൽ 26 ഉദ്യോഗസ്ഥരുണ്ടാകും. ഒറ്റയാനെ മെരുക്കാൻ 4 കുങ്കിയാനകളെയും കൊണ്ടുവരും. അരിക്കൊമ്പനെ പിടികൂടി ഇടാനുള്ള കൂടിന്റെ നിർമ്മാണം 4 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മന്ത്രി.

ആനയെ പിടിക്കാൻ ശ്രമം നടത്തുന്ന ദിവസങ്ങളിൽ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷത്തീയതികൾ ഒഴിവാക്കിയാകും നിരോധനാജ്ഞ പ്രഖ്യാപിക്കുക.ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ 8 സ്‌ക്വാഡുകളായി തിരിഞ്ഞാകും ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.അരിക്കൊമ്പനെ വിജയകരമായി പിടികൂടിയാൽ പ്രശ്നക്കാരായ ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ ഒറ്റയാന്മാരുടെ കാര്യത്തിലും തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കലക്ടർ ഷീബ ജോർജ്, നോഡൽ ഓഫിസർ ആർ എസ് അരുൺ, ചീഫ് കൺസർവേറ്റർ നീതു ലക്ഷ്മി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply