പാതയോരത്തെ സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്‌ടിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍

0


തൊടുപുഴ: പാല – തൊടുപുഴ റോഡരികില്‍ സ്‌ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്‌ടിച്ചുകടത്തുന്ന രണ്ടംഗ സംഘത്തെ കരിങ്കുന്നം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഏനാനെല്ലൂര്‍ പുന്നാമറ്റം ഓട്ടുകുളത്ത്‌ ബാദുഷാ അലിയാര്‍കുട്ടി (21), നോര്‍ത്ത്‌ മഴുവന്നൂര്‍ കൊച്ചുവീട്ടില്‍ കെ.എസ്‌. കിച്ചു (19) എന്നിവരെയാണ്‌ എസ്‌.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ മോഷണത്തിനിടെ പുലര്‍ച്ചെ 2.15 ഓടെ അറസ്‌റ്റ്‌ ചെയ്‌തത്‌. പാലാ റോഡില്‍ വഴിവിളക്കിനായി സ്‌ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലിന്റെ ബാറ്ററി മോഷണം പോകുന്നതുസംബന്ധിച്ച്‌ നിരന്തരം പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ പോലീസ്‌ പ്രത്യേക നിരീക്ഷണം ശക്‌തമാക്കിയിരുന്നു. ഇതിനിടെ ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെ കരിങ്കുന്നം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളിയുടെ മുന്നില്‍ പ്രതികളെ ദുരൂഹസാഹചര്യത്തില്‍ പോലീസ്‌ കണ്ടെത്തി. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ്‌ ഇരുവരും സമീപത്തെ സോളാര്‍ പാനലില്‍ നിന്നും ബാറ്ററി മോഷ്‌ടിച്ച്‌ കടത്തിക്കൊണ്ട്‌ പോകുന്നതിനായി വാഹനത്തില്‍ വച്ചിരിക്കുന്നതായി കണ്ടെത്തിയത്‌. പ്രതികള്‍ മോഷണത്തിന്‌ ഉപയോഗിച്ചിരുന്ന കാറും പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. മോഷണ വസ്‌തുക്കള്‍ കടത്താന്‍ വേണ്ടി പ്രത്യേകം രൂപകല്‌പന ചെയ്‌ത കാറാണ്‌ ഇതെന്ന്‌ പൊലീസ്‌ പറഞ്ഞു. മോഷ്‌ടിക്കുന്ന ബാറ്ററികള്‍ എറണാകുളത്തെ വിവിധ കടകളില്‍ വില്‍പന നടത്തുകയാണ്‌ ചെയ്യുന്നത്‌. അടുത്ത കാലങ്ങളില്‍ തൊടുപുഴ – പാല റോഡരികിലെ നിരവധി ബാറ്ററികള്‍ മോഷണം പോയിരുന്നു. ഈ മോഷണത്തിന്‌ പിന്നില്‍ ഇവരാണോയെന്നതു സംബന്ധിച്ച്‌ കൂടുതല്‍ അനേ്വഷണം നടത്തുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.
ആഢംബര ജീവിതത്തിനാണ്‌ ഇവര്‍ മോഷണം നടത്തിയിരുന്നത്‌. ഇതില്‍ ഒന്നാം പ്രതി ബാദുഷയുടെ മാതാപിതാക്കള്‍ ഗസറ്റഡ്‌ റാങ്കിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. മറ്റുസ്‌ഥലങ്ങളില്‍ സമാനരീതിയില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും അനേ്വഷിക്കുന്നുണ്ട്‌. പ്രതികളെ അടിമാലിയിലെ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here