പമ്പ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെ വിജിലൻസിന്റെയും സംസ്ഥാന ഇന്റലിജൻസിന്റെയും അന്വേഷണം

0

പമ്പ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെ വിജിലൻസിന്റെയും സംസ്ഥാന ഇന്റലിജൻസിന്റെയും അന്വേഷണം. ശബരിമല തീർത്ഥാടന കാലം കഴിഞ്ഞതിന് പിന്നാലെ കരാറുകാരിലും കട നടത്തിപ്പുകാരിലും നിന്ന് കമ്മിഷൻ കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. പൊലീസ്, എക്‌സൈസ് തുടങ്ങിയ സർക്കാർ വകുപ്പുകളിൽ കരാറുകാർ പടി നൽകാറുണ്ടെന്ന വിവരം ഇതോടെ പുറത്തു വന്നിരിക്കുകയാണ്. തങ്ങൾ കാണിക്കുന്ന ക്രമക്കേടുകൾക്ക് നേരെ കണ്ണടയ്ക്കുന്നതിനുള്ള പ്രതിഫലമാണ് കമ്മിഷൻ.

കോവിഡിന് ശേഷം പൂർണതോതിൽ ശബരിമല തീർത്ഥാടനം നടന്നത് ഇക്കുറിയാണ്. അതു കൊണ്ട് തന്നെ വൻ വരുമാനമാണ് പല വിധ കരാറുകാർക്കും സ്ഥാപനം നടത്തിയവർക്കും ഉണ്ടായത്. കൂടുതൽ ഇടപെടൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഇവർക്ക് നേരെയുണ്ടാകാത്തതിന്റെ ഫലമാണ് വൻ തുക പടിയിനത്തിൽ നൽകാൻ കാരണം. മുൻപൊക്കെ ഇങ്ങനെ ലഭിക്കുന്ന തുക താഴെ മുതൽ മുകളിൽ വരെ പ്രോട്ടോക്കോൾ അനുസരിച്ച് പങ്ക് വയ്ക്കപ്പെടും. എന്നാൽ, ഇക്കുറി അതുണ്ടാകാതിരുന്നതാണ് വിവരം പുറത്ത് വരുന്നതിന് ഇടയാക്കിയത്.

കരാറുകാരും കടക്കാരും കമ്മിഷൻ തുക ഇക്കുറി പമ്പ സ്റ്റേഷനിലെ ഒരു പൊലീസുകാരനെയാണ് ഏൽപ്പിച്ചതെന്ന് പറയുന്നു. ഇങ്ങനെ കിട്ടിയ തുക സ്റ്റേഷനിൽ ഇരുന്ന് എണ്ണുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു എഎസ്‌ഐ വിവരം ഇയാളോട് തിരക്കി. താൻ കടക്കാർക്ക് കുറച്ച് പണം പലിശയ്ക്ക് നൽകിയത് തിരിച്ചു കിട്ടിയതാണെന്നായിരുന്നുവത്രേ മറുപടി. വിവരം പുറത്തായതോടെയാണ് വിജിലൻസും ഇന്റലിജൻസും അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെ പണം വാങ്ങിയ ആളിനെ രക്ഷിക്കാൻ വേണ്ടി ചിറ്റാറിൽ നിന്നുള്ള ഇടത് നേതാവ് ശ്രമിച്ചുവെന്നും ആക്ഷേപമുണ്ട്.

പമ്പയിലെ പടി നാട്ടുനടപ്പ്, കൊടുക്കുന്നത് കക്കൂസ് കരാറുകാർ മുതൽ

തീർത്ഥാടനകാലം കഴിയുമ്പോൾ പൊലീസ് സ്റ്റേഷനിൽ കരാറുകാരും കടക്കാരും പടി എത്തിക്കുന്നത് വർഷങ്ങളായുള്ള നാട്ടു നടപ്പാണത്രേ. ഇത് താഴെ മുതൽ മുകളറ്റം വരെ പങ്കിട്ടെടുക്കും. കക്കൂസ് കരാർ എടുത്തവരടക്കം ഇങ്ങനെ പടി എത്തിക്കുന്നു. ഇവർ കാട്ടുന്ന നിയമലംഘനങ്ങൾക്ക് കുട പിടിക്കുന്നതിനാണ് പടി. 10 രൂപയാണ് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് തീർത്ഥാടകർ നൽകേണ്ടത്.

പക്ഷേ, കരാറുകാരൻ വാങ്ങുന്നത് 30 രൂപ വരെയാണ്. പലപ്പോഴും പൊലീസിന് പരാതി കിട്ടി. പക്ഷേ, അത് ചവിട്ടി വച്ചു. വിരി നൽകുന്നതിലും ഇതേ തട്ടിപ്പ് നടന്നിരുന്നു. പൊലീസിന് ചെന്ന പരാതികളിൽ നടപടി ഉണ്ടായിട്ടില്ലെന്നും പറയുന്നു. ഇതിനൊക്കെയുള്ള ഉപകാര സ്മരണ പടിയായി സ്റ്റേഷനിൽ എത്തും. ഇക്കുറി അത് ഒരാൾ ഒറ്റയ്ക്ക് വിഴുങ്ങിയതാണ് അന്വേഷണത്തിന് കാരണമായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here