സാമ്പത്തിക പ്രതിസന്ധി: ബലിയാടായി അധ്യാപകര്‍

0


തിരുവനന്തപുരം : ഇനിയും പൂര്‍ത്തിയാകാത്ത ഈ അധ്യയനവര്‍ഷത്തെ തസ്‌തികനിര്‍ണയത്തിലൂടെ സംസ്‌ഥാനത്തെ നൂറുകണക്കിന്‌ അധ്യാപകരുടെ തൊഴില്‍ നഷ്‌ടമാക്കാന്‍ നീക്കം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ചാണ്‌ അധ്യാപകരുടെ തസ്‌തിക നിഷേധിക്കാനും ശമ്പളം കൊടുക്കാതിരിക്കാനുമുള്ള നീക്കം നടക്കുന്നത്‌. പൊതുവിദ്യാഭ്യാസവും തൊഴിലും ഒരേ മന്ത്രിതന്നെ കൈകാര്യം ചെയ്യുമ്പോഴാണ്‌ തൊഴിലെടുത്തിട്ടും കൂലികിട്ടാതെ അധ്യാപകരടക്കമുള്ളവര്‍ വലയുന്നത്‌.
പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴും ഈ അധ്യയനവര്‍ഷത്തെ അധ്യാപക തസ്‌തിക നിര്‍ണയ നടപടി പൂര്‍ത്തിയായില്ല. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കാര്യങ്ങള്‍ മന്ദഗതിയിലായതോടെ നൂറുകണക്കിന്‌ അധ്യാപകരാണ്‌ നാളുകളായി ശമ്പളം വാങ്ങാതെ ജോലി ചെയ്യുന്നത്‌.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ നിസാര കാര്യങ്ങള്‍ക്കുപോലും അനാവശ്യ ഇടപെടലുകളാണ്‌ ഈ വര്‍ഷം ഡി.ഇ.ഒ, ഡി.ഡി ഓഫീസുകള്‍ തസ്‌തികനിര്‍ണയത്തില്‍ നടത്തിയിരിക്കുന്നത്‌. ഇതുമൂലം നൂറുകണക്കിനു ജീവനക്കാരാണു പുറത്തുപോകുക. തസ്‌തികനിര്‍ണയത്തിലൂടെ ഒരു അധ്യാപകന്റെയും ജോലി പോകില്ലെന്നു മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ളവര്‍ ആവര്‍ത്തിച്ചിരുന്നു. എസ്‌.എസ്‌.എല്‍.സി. ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ പടിവാതില്‍ക്കലെത്തിയിട്ടും പല സ്‌കൂളുകളിലും ഭാഷാവിഷയങ്ങളും ഗണിത-ശാസ്‌ത്ര വിഷയങ്ങളും പഠിപ്പിക്കാന്‍ അധ്യാപകരില്ല. 1:40, ഇംഗ്ലീഷ്‌ അധ്യാപകര്‍ തന്നെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതടക്കമുള്ള ഉത്തരവുകളുടെ ഗുണം അധ്യാപകര്‍ക്കു ലഭിക്കുന്നില്ലെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.
സര്‍ക്കാര്‍, എയിഡഡ്‌ സ്‌കൂളുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ ഇക്കുറി സ്‌ഥലംമാറ്റം നടന്നത്‌. ഇതിന്റെ ഫലമായി തസ്‌തികയുണ്ടായിട്ടും നിരവധി അധ്യാപകര്‍ക്കാണ്‌ ശമ്പളം നിഷേധിച്ചിരിക്കുന്നത്‌.
അതേസമയം തസ്‌തികനിര്‍ണയ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നു മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ അധികതസ്‌തിക ഒഴികെയുള്ളവയുടെ നിര്‍ണയ നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുഅധ്യയനവര്‍ഷത്തെ ആറാം പ്രവൃത്തിദിന കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, എയ്‌ഡഡ്‌, അംഗീകൃത അണ്‍എയ്‌ഡഡ്‌ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണുള്ളത്‌. ഈ അധ്യയനവര്‍ഷം ഒന്നാംക്ലാസില്‍ 3,03,168 കുട്ടികള്‍ പ്രവേശനം നേടി. കൂടാതെ പൊതുവിദ്യാലയങ്ങളില്‍ രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി വന്നുചേര്‍ന്നു.
ഇവരില്‍ 44,915 പേര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലുമാണ്‌ പ്രവേശനം നേടിയത്‌. സംസ്‌ഥാനതലത്തില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത്‌ അഞ്ചാം ക്ലാസിലും(32,545) എട്ടാം ക്ലാസിലും (28,791) ആണ്‌. അതേസമയം അംഗീകൃത അണ്‍എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവ്‌ രേഖപ്പെടുത്തുന്നു.
കുട്ടികളുടെ ആകെ എണ്ണം പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മലപ്പുറം ജില്ലയിലും (20.35 ശതമാനം) ഏറ്റവും കുറവ്‌ കുട്ടികള്‍ പത്തനംതിട്ട ജില്ല (2.25 ശതമാനം)യിലുമാണുള്ളത്‌. മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്‌ ഒഴികെ എല്ലാ ജില്ലകളിലും വര്‍ധനവാണുള്ളത്‌. എന്നാല്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ മേഖലയില്‍ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ്‌ രേഖപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here