നടയിരുത്താൻ റോബോട്ട് ആന
‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ ഇനി തിടമ്പേറ്റും

0

ഇരിങ്ങാലക്കുട: ഇരിഞ്ഞാടപ്പിള്ളി രാമൻ ലക്ഷണമൊത്ത ‘കൊമ്പനാ’ണ്. പത്തര അടി ഉയരം. എണ്ണൂറ് കിലോ തൂക്കം. നാലാളെ പുറത്തേറ്റും. ഇരിങ്ങാലക്കുടയ്ക്കടുത്ത് കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ ഫെബ്രുവരി 26-ന് ഈ ഗജവീരനെ നടയിരുത്തും. എന്നാൽ, അടുത്തുചെന്നാൽ അറിയാം ഇതൊരു ‘റോബോട്ട്’ ആനയാണെന്ന്.

ക്ഷേത്രങ്ങളിൽ ആദ്യമായാണ് റോബോട്ട് ആനയെ നടയിരുത്തുന്നത്. ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക്‌ ഒരുകൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ട് കൊമ്പൻ.

26-ന് നാലിന് ക്ഷേത്രത്തിൽ നടയിരുത്തൽ ചടങ്ങിൽ താന്ത്രികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. കളഭാഭിഷേകത്തിനുശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമൻ തിടമ്പേറ്റും. പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിലാണ് മേളം. നാലുപേർക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാനും ആളുകളുണ്ടാകും.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആനയുടെ തല, ചെവികൾ, കണ്ണ്, വായ, വാൽ എന്നിവ സദാസമയം ചലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആനയുടെ സഞ്ചാരം ട്രോളിയിലാണ്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് രണ്ടുമാസം പണിയെടുത്താണ് ആനയെ ഒരുക്കിയത്. ഇരുമ്പുകൊണ്ട് ചട്ടക്കൂടിനു പുറത്ത് റബ്ബർ ഉപയോഗിച്ചാണ് ആനയെ നിർമിച്ചിരിക്കുന്നത്.

Leave a Reply