ഒന്നര വര്‍ഷം മുമ്പു കാണാതായ വീട്ടമ്മയുടെ അസ്‌ഥികൂടം വീട്ടുമുറ്റത്തു കണ്ടെത്തി; ഭര്‍ത്താവ്‌ പിടിയില്‍

0

ഒന്നര വര്‍ഷം മുമ്പു കാണാതായ വീട്ടമ്മയുടെ അസ്‌ഥികൂടം വീട്ടുമുറ്റത്തു കണ്ടെത്തി. ഭര്‍ത്താവ്‌ പിടിയില്‍. എടവനക്കാട്‌ കൂട്ടുങ്കച്ചിറ അറക്കപറമ്പില്‍ സജീവാണ്‌(45) പിടിയിലായത്‌. ഭാര്യ രമ്യ(35)യെ കഴിഞ്ഞ ഓഗസ്‌റ്റ്‌ 17 മുതല്‍ കാണാതായതായി സജീവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ ഞാറക്കല്‍ പോലീസ്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ വീടിന്റെ പോര്‍ച്ചിനോടു ചേര്‍ന്ന്‌ അസ്‌ഥിക്കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യ വിദേശത്താണെന്നും വിവരങ്ങളൊന്നുമില്ലെന്നുമാണ്‌ ഇയാള്‍ പരാതി നല്‍കിയിരുന്നത്‌. രമ്യയെ കാണാതായതായി പത്രങ്ങളില്‍ പരസ്യവും വന്നിരുന്നു. സജീവന്റെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന്‌ പോലീസ്‌ ഇയാളെ നിരീക്ഷിച്ചു. തുടര്‍ന്നാണ്‌ വീട്ടിലെത്തിയതും അസ്‌ഥിക്കഷണങ്ങള്‍ കണ്ടെത്തിയതും. ഒടുവില്‍ കസ്‌റ്റഡിലെടുത്തു ചോദ്യം ചെയ്‌തതോടെ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
വാച്ചാക്കല്‍ പടിഞ്ഞാറുള്ള വാടകവീട്ടിലെ മുറ്റം കുഴിച്ച്‌ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെടുത്തു. രണ്ടര അടിയോളം കുഴിച്ചപ്പോള്‍ത്തന്നെ അസ്‌ഥികളും മറ്റും കണ്ടെത്തി. ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥന്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ചു. അവശിഷ്‌ടങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി മാറ്റി.
2021 ഒക്‌ടോബര്‍ 16 ന്‌ കഴുത്തില്‍ റോപ്പുചുറ്റിയാണ്‌ സജീവന്‍ ഭാര്യയെ കൊലപ്പെടുത്തിയത്‌. മുറിയില്‍ സൂക്ഷിച്ച മൃതദേഹം രാത്രിയില്‍ കുഴിച്ചുമൂടി. പെയിന്റിങ്‌ തൊഴിലാളിയായ ഇയാള്‍ ഇതിനുശേഷം പണിചെയ്‌ത്‌ രണ്ടുമക്കളുമൊത്ത്‌ ജീവിക്കുകയായിരുന്നു.
രമ്യ ബാംഗ്ലൂരില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ്‌ പഠിക്കാന്‍ പോയിരിക്കുകയാണെന്നാണ്‌ മക്കളോടു പറഞ്ഞിരുന്നത്‌. ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ്‌ ഇയാള്‍ പരാതി നല്‍കിയത്‌. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
രണ്ടു സമുദായത്തില്‍പ്പെട്ട സജീവനും രമ്യയും 17 വര്‍ഷം മുമ്പ്‌ പ്രണയിച്ചു വിവാഹം കഴിച്ചതാണ്‌. നല്ല രീതിയിലാണു കുടുംബം കഴിഞ്ഞുപോയിരുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു. രമ്യയ്‌ക്ക്‌ എറണാകുളത്ത്‌ മാളില്‍ ജോലിയുണ്ടായിരുന്നയായും പറയുന്നു. നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണു രമ്യ. കൊച്ചി തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
അഡീഷണല്‍ എസ്‌.പി. ബിജി ജോര്‍ജ്‌, ഡിവൈ.എസ്‌.പി: പി.കെ. മുരളി, ഞാറക്കല്‍ സി.ഐ. രാജന്‍ കെ. അരമന, മുനമ്പം സി.ഐ: എ.എല്‍. യേശുദാസ്‌ എന്നിവരും സംഭവസ്‌ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here