‘നിന്റെ മൃതദേഹം സംസ്‌ക്കരിക്കേണ്ട ഗതികേട് എനിക്കുണ്ടാകരുത്’; അച്ഛന്റെ ആ വാക്കുകൾ വല്ലാതെ നൊമ്പരപ്പെടുത്തി; ആറ് മാസത്തിനുള്ളിൽ മരിക്കുമെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ ജീവിതം തന്നെ മാറ്റിമറിച്ച് അദ്‌നാൻ സമി; 130 കിലോ ഭാരം കുറച്ചതിന്റെ പിന്നിലെ കഥ പറഞ്ഞ് ഗായകൻ

0


മുംബൈ:ശബ്ദം കൊണ്ടും തിരഞ്ഞെടുക്കുന്ന പാട്ടുകളുടെ വ്യത്യസ്തത കൊണ്ടും ഗായകർക്കിടയിൽ സൂപ്പർ താരമായി മാറിയ പ്രതിഭയാണ് അദ്‌നാൻ സമി.എന്നാൽ അദ്‌നൻ സമിയുടെ പാട്ടുകളേക്കാൾ അദ്ദേഹത്തിനെ ആരാധകർ പെട്ടെന്ന് ഓർത്തെടുക്കുക അദ്ദേഹത്തിന്റെ ശരീരഭാഷ കൊണ്ട് തന്നെയാണ്.എന്നാൽ ഇപ്പോഴിതാ ആ ഗെറ്റപ്പിൽ നിന്നും തീർത്തും മാറിക്കൊണ്ട് കിടിലൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് അദ്‌നാൻ സമി.കഠിനമായ പരിശ്രമത്തിലൂടെ 130 കിലോ ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായകൻ.

അദ്‌നാൻ ശസ്ത്രക്രിയ നടത്തിയെന്ന പ്രചാരണം ശക്തമായതോടെയാണ് വിഷയത്തിൽ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. താൻ യാതൊരുവിധ ശസ്ത്രക്രിയയും നടത്തിയില്ലെന്നും ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെയാണ് ഭാരം കുറച്ചതെന്നും പറയുകയാണ് ഗായകൻ. ആഹാരക്രമം ചിട്ടപ്പെടുത്തിയതിലൂടെ മാത്രം ഭാരം കുറഞ്ഞില്ലെന്നും തന്റെ ജീവിതശൈലി തന്നെ മാറ്റേണ്ടി വന്നുവെന്നും അദ്‌നാൻ പറയുന്നു.

‘ഞാൻ ശരീരഭാരം കുറച്ചതെങ്ങനെയെന്നത് വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ആളുകൾ വിചാരിക്കുന്നത് ഞാൻ ശസ്ത്രക്രിയ നടത്തിയെന്നാണ്. എന്നാൽ അങ്ങനെയല്ല. എന്റെ ശരീരഭാരം ചൂണ്ടിക്കാണിച്ച് ലണ്ടനിലെ ഡോക്ടർ അവസാന മുന്നറിയിപ്പ് നൽകുമ്പോൾ എനിക്ക് 230 കിലോ ആയിരുന്നു ഭാരം. അതേ രീതിയിൽ ഞാൻ ജീവിക്കുകയാണെങ്കിൽ 6 മാസത്തിനുള്ളിൽ എന്റെ അച്ഛനും അമ്മയ്ക്കും ഹോട്ടൽ മുറിയിൽ എന്നെ മരിച്ച നിലയിൽ കണ്ടെത്തേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്ന് എന്റെ അച്ഛൻ ഡോക്ടറുടെ വാക്കുകൾ കേട്ട് എനിക്കൊപ്പം അവിടെ ഉണ്ടായിരുന്നു. അന്ന് വൈകിട്ട് അദ്ദേഹം വളരെ വൈകാരികമായി എന്നോടു ദീർഘ നേരം സംസാരിച്ചു. ഞാൻ കടന്നു പോയ എല്ലാ വഴികളിലും അച്ഛൻ എനിക്കൊപ്പമുണ്ടായിരുന്നു. ദുഃഖങ്ങളിലും സന്തോഷങ്ങളിലുമെല്ലാം. അദ്ദേഹം എപ്പോഴും എന്റെ കൈ പിടിച്ചു. ഒരിക്കലും അദ്ദേഹം ഒന്നും എന്നോട് ആവശ്യപ്പെട്ടില്ല. പക്ഷേ അന്ന് അച്ഛൻ പറഞ്ഞു, എനിക്ക് ഒരു അപേക്ഷയുണ്ട്, നീ എന്റെ മൃതദേഹം സംസ്‌കരിക്കണം. അല്ലാതെ നിന്നെ സംസ്‌കരിക്കേണ്ട അവസ്ഥ എനിക്ക് ഉണ്ടാകരുത്. ഒരു പിതാവും തന്റെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്യണമെന്ന് ആഗ്രഹിക്കില്ല.

അച്ഛന്റെ ഈ വാക്കുകൾ എന്നെ കരയിപ്പിച്ചു. ആ നിമിഷത്തിലാണ് ശരീരഭാരം കുറയ്ക്കണമെന്ന തീവ്രമായ ആഗ്രഹം എനിക്കുണ്ടായത്. ഏതുവിധേനയും ഞാൻ ഭാരം കുറയ്ക്കുമെന്ന് അന്ന് അച്ഛന് വാക്കു കൊടുത്തു. തുടർന്ന് ടെക്‌സസിലേക്കു പോയി. അവിടുത്തെ ന്യൂട്രീഷനിസ്റ്റിനെ കണ്ടു. എന്റെ ജീവിതശൈലി പൂർണമായും അവർ മാറ്റിമറിച്ചു. അങ്ങനെ പതിയെ എന്റെ ഭാരം കുറഞ്ഞുതുടങ്ങി. കഠിനമായ പരിശ്രമത്തിലൂടെ 130 കിലോ ഞാൻ കുറച്ചു. ഇപ്പോഴും ന്യൂട്രീഷനിസ്റ്റിന്റെ നിർദ്ദേശപ്രകാരമുള്ള ജീവിതശൈലിയാണ് പിന്തുടരുന്നത്. ജീവിതകാലം മുഴുവൻ അത് തുടരും’, അദ്‌നാൻ സമി വ്യക്തമാക്കി.

Leave a Reply