വധശ്രമക്കേസ്‌: ലക്ഷദ്വീപ്‌ എം.പി: മുഹമ്മദ്‌ ഫൈസലിന്‌ 10 വര്‍ഷം തടവ്‌

0


കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ്‌ എം.പി: മുഹമ്മദ്‌ ഫൈസലിനെ കവരത്തി ജില്ലാ സെഷന്‍സ്‌ കോടതി പത്തുവര്‍ഷം തടവിനു ശിക്ഷിച്ചു. മുഹമ്മദ്‌ ഫൈസലിന്റെ സഹോദരങ്ങള്‍ അടക്കം നാലുപേര്‍ക്കാണു ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ്‌ സാലിഹ്‌ എന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ ആക്രമിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചെന്ന കേസിലാണു ശിക്ഷ. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.എം. സയ്യിദിന്റെ മകളുടെ ഭര്‍ത്താവാണു മുഹമ്മദ്‌ സാലിഹ്‌.
ഷെഡ്‌ സ്‌ഥാപിച്ചതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. കേസിലെ 32 പ്രതികളില്‍ ആദ്യ നാലു പേര്‍ക്കാണ്‌ തടവ്‌ ശിക്ഷ വിധിച്ചത്‌. രണ്ടാം പ്രതിയാണു എം.പി. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു മുഹമ്മദ്‌ ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കി. എന്‍.സി.പി. നേതാവുകൂടിയായ മുഹമ്മദ്‌ ഫൈസല്‍ 2014 മുതല്‍ ലക്ഷദ്വീപില്‍നിന്നുള്ള എം.പിയാണ്‌.
കൊളംബോ ആസ്‌ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ചു അനധികൃതമായി ട്യൂണ മത്സ്യം കയറ്റുമതി ചെയ്‌ത കേസില്‍ കഴിഞ്ഞ ജൂലൈയില്‍ മുഹമ്മദ്‌ ഫൈസലിന്റെ ലക്ഷദ്വീപിലെ വീട്ടിലും ന്യൂഡല്‍ഹിയിലെ ഫ്‌ളാറ്റിലും സി.ബി.ഐ. പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here