ഉപഭോക്‌താക്കളുടെ സ്‌മാട്ട്‌ കാര്‍ഡ്‌ ദുരുപയോഗം ചെയ്‌തു സപ്ലൈകോ ജീവനക്കാര്‍ ലക്ഷക്കണക്കിനു രൂപയുടെ സബ്‌സിഡി സാധനങ്ങള്‍ അപഹരിച്ചതായി കണ്ടെത്തല്‍

0

ഉപഭോക്‌താക്കളുടെ സ്‌മാട്ട്‌ കാര്‍ഡ്‌ ദുരുപയോഗം ചെയ്‌തു സപ്ലൈകോ ജീവനക്കാര്‍ ലക്ഷക്കണക്കിനു രൂപയുടെ സബ്‌സിഡി സാധനങ്ങള്‍ അപഹരിച്ചതായി കണ്ടെത്തല്‍.
നിലവിലെ സ്‌ഥിതിയനുസരിച്ച്‌ ഒരാള്‍ക്ക്‌ എത്ര പ്രാവശ്യം വേണമെങ്കിലും സ്‌മാര്‍ട്ട്‌ കാര്‍ഡ്‌/ഇ-കാര്‍ഡ്‌ പ്രിന്റ്‌ എടുത്ത്‌ ഉപയോഗിക്കാം. റേഷന്‍ ഷോപ്പില്‍ ബയോമെട്രിക്‌ ആയതിനാല്‍ പ്രശ്‌നമില്ല. എന്നാല്‍ സപ്ലൈകോയില്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ പുസ്‌തക രൂപം/ ഇ -കാര്‍ഡ്‌/ സ്‌മാര്‍ട്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ മൂന്ന്‌ ഇരട്ടി സബ്‌സിഡി വാങ്ങാമെന്നായിരുന്നു സ്‌ഥിതി. ഇതു മുതലാക്കി സപ്ലൈകോ വില്‍പ്പനശാലകളിലെ ചില ജീവനക്കാര്‍ സാധാരണക്കാര്‍ക്കു ലഭിക്കേണ്ട ലക്ഷക്കണക്കിനു രൂപയുടെ സബ്‌സിഡി സാധനങ്ങളാണ്‌ അടിച്ചുമാറ്റിയത്‌.
മുന്‍പുണ്ടായിരുന്ന പുസ്‌തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അടയാളപ്പെടുത്തി നല്‍കിയിരുന്നു. എന്നാല്‍ സ്‌മാര്‍ഡ്‌, ഇ കാര്‍ഡുകള്‍ വന്നതോടെ ഇതു സാധ്യമല്ലാതെയായി. ഇത്‌ മുതലെടുത്താണ്‌ സംസ്‌ഥാനത്ത്‌ വ്യാപക തട്ടിപ്പ്‌ അരങ്ങേറിയത്‌.
ഇക്കാര്യത്തില്‍ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പീപ്പിള്‍സ്‌ ബസാറുകളിലും ഇന്നലെ മുതല്‍ റേഷന്‍ കാര്‍ഡ്‌ നമ്പര്‍ ടൈപ്പ്‌ ചെയ്യുന്നതിന്‌ പകരം ബാര്‍കോഡ്‌ സ്‌കാനര്‍ ഉപയോഗിച്ച്‌ റേഷന്‍ കാര്‍ഡ്‌ നമ്പര്‍ സ്‌കാന്‍ ചെയ്‌തുമാത്രം എന്റര്‍ ചെയ്യാന്‍ സപ്ലൈകോ സി.എം.ഡി: ഡോ. സഞ്‌ജീവ്‌ കുമാര്‍ പട്‌ജോഷി നിര്‍ദ്ദേശം നല്‍കി. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാവേലി സൂപ്പര്‍ സ്‌റ്റോറുകളിലും ഉടന്‍ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സപ്ലൈകോ അറിയിച്ചു.സബ്‌സിഡി സാധനങ്ങളുടെ ബില്ല്‌ അടിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ്‌ നമ്പര്‍ ടൈപ്പ്‌ ചെയ്‌ത്‌ എന്റര്‍ ചെയ്യുന്നതിനു പകരം ബാര്‍കോഡ്‌ സ്‌കാനര്‍ ഉപയോഗിച്ച്‌ റേഷന്‍ കാര്‍ഡിന്റെയോ ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന റേഷന്‍ കാര്‍ഡിന്റെയോ ബാര്‍കോഡ്‌ സ്‌കാന്‍ ചെയ്‌തുമാത്രമായിരിക്കണം എന്റര്‍ ചെയ്യേണ്ടതെന്നും സി.എം.ഡി. നിര്‍ദേശിച്ചു. സംസ്‌ഥാനത്ത്‌ വന്‍തോതില്‍ റേഷന്‍ ദുരുപയോഗം നടക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here