ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം

0

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണ് രണ്ട് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി മയിലാടുംപാറ പൊത്തക്കള്ളിയിലാണ് സംഭവം. കണ്ടെയ്‌നർ ലോറിയിൽ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയിൽ കയറ്റാനായി പുറത്തിറക്കുന്നതിനിടെയാണ് അപകടം. പശ്ചിമബംഗാൾ സ്വദേശികളായ പ്രദീപ് (38), സുധൻ (30) എന്നിവരാണ് മരിച്ചത്. ലോറിയിൽ നിന്നും ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് പാളികൾ പ്രദീപിന്റെയും സുധന്റെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 4.30നാണ് അപകടമുണ്ടായത്. ഇരുവരും തൽക്ഷണം മരിച്ചു. 250 കിലോ ഭാരം വരുന്നതാണ് ഒരു ഗ്രാനൈറ്റ് പാളി. ഇത്തരം 20 ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവർ നിന്നിരുന്ന മറുവശത്തും ഗ്രാനൈറ്റ് പാളികൾ അടുക്കിയിരുന്നു. ഇതിനിടയിൽ ഞെരിഞ്ഞ് പ്രദീപിന്റെയും സുധന്റെയും മുഖവും തലച്ചോറും തകർന്ന് പോയി. ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്‌സും തീവ്രശ്രമം നടത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

പടുകൂറ്റൻ ഗ്രാനൈറ്റ് പാളികൾ ഇരുപതോളം പേർ ചേർന്ന് എടുത്ത് പുറത്തേക്ക് മാറ്റിയും ഗ്രാനൈറ്റ് പാളികൾ കയറിൽ കെട്ടി ഉയർത്തിയുമാണ് രക്ഷ പ്രവർത്തകർക്ക് മൃതദേഹം പുറത്തെടുക്കാനായത്. അപകടത്തിനിടയാക്കിയ ലോറി മയിലാടുംപാറ അടിമാലി റോഡിൽ കുടുങ്ങിക്കിടന്നത് ഗതാഗത തടസത്തിനും കാരണമായി. ലോറി റോഡിന്റെ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നതും തൊഴിലാളികളുടെ വൈദഗ്ദ്യ കുറവും അപകടത്തിനിടയാക്കി.

പൊത്തക്കള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ വീട്ടിൽ പതിക്കാനായാണ് ഗ്രാനൈറ്റ് എത്തിച്ചത്. ലോറിയിൽ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയിലേക്ക് കയറ്റാനാണ് കരാറുകാരൻ അതിഥി തൊഴിലാളികളെ എത്തിച്ചത്. അപകടത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഉടുമ്പൻചോല പൊലീസ് അറിയിച്ചു. മരിച്ച സുധന്റെയും പ്രദീപിന്റെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമാർട്ടത്തിനായി മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here