തിരുവനന്തപുരത്തെ ഗുണ്ടാ വിളയാട്ടം എന്നിട്ടും പൊലീസ് അറിഞ്ഞില്ല; സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആശുപത്രി അധികൃതർ പരാതി നൽകാത്തതും ദുരൂഹം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടത്തിന് ശമനമില്ല. ജനറൽ ആശുപത്രിയിൽ യുവാക്കൾ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച അർധരാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ആശുപത്രി വളപ്പിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യുവാക്കൾ തമ്മിൽത്തല്ലുന്നതും ഹെൽമെറ്റ് കൊണ്ടടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വെള്ളിയാഴ്ച രാത്രി തമ്പാനൂരിലെ ബാറിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് ജനറൽ ആശുപത്രിയിലും യുവാക്കൾ ഏറ്റുമുട്ടിയതെന്നാണ് വിവരം. ബാറിലെ അടിപിടിയിൽ പരിക്കേറ്റവരുമായി ഇരുസംഘങ്ങളും ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് ആശുപത്രി വളപ്പിൽവെച്ച് ഇവർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. ഇതിനുപിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ യുവാക്കൾ അവിടെയും ഏറ്റുമുട്ടി. ഇതൊന്നും പൊലീസ് അറിഞ്ഞില്ല.

അക്രമികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. സംഭവത്തിൽ ആശുപത്രി അധികൃതർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സൂചന. അതിനിടെ അധികൃതർ ഉടൻ പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം. അതിന് ശേഷം മാത്രമേ പൊലീസ് അന്വേഷണം തുടങ്ങൂ.

LEAVE A REPLY

Please enter your comment!
Please enter your name here