ഇനി വിട്ടുവീഴ്ചയില്ലെന്ന് ഐസിസി; 2023 ലെ ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകുമോ? അമിത് ഷായുടെ മകൻ തലപുകയ്ക്കുന്നു

0

ന്യൂഡൽഹി: 2023 ലെ ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകുമോ? 2023ൽ നടക്കാനിരിക്കുന്ന ഏകദിനലോകകപ്പിന് ഇന്ത്യയാണ് വേദിയായി ഐസിസി നിശ്ചയിച്ചിരിക്കുന്നത്. ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാരുമായുള്ള നികുതി പ്രശ്നങ്ങളാണ് ഇതിന് പിന്നിലെ കാരണമെന്നാണ് വ്യക്തമാകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജെയ്ഷായാണ് ബിസിസിഐ സെക്രട്ടറി. അതുകൊണ്ടു തന്നെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് സൂചന. 2023 ഒക്ടോബറിനും നവംബറിനുമിടയിലാണ് ഇന്ത്യയിൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

2016-ലെ ടി-20 ലോകകപ്പിലും ഐസിസിക്ക് ഇന്ത്യ ഒരു തരത്തിലുള്ള നികുതി ആനുകൂല്യങ്ങളും നൽകിയിരുന്നില്ല. ഇതേ നിലപാട് തന്നെയായിരിക്കും ഇത്തവണയും ഇന്ത്യ സ്വീകരിക്കുക എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ആതിഥേയ രാജ്യത്തെ അതത് സർക്കാരുകളിൽ നിന്ന് ആവശ്യമായ നികുതി ഇളവുകൾ വാങ്ങുന്നത് ഐസിസിയുടെ നയമാണ്. ഇതു നൽകിയില്ലെങ്കിൽ ലോകകപ്പ് വേദി മാറും. 2016-ൽ സർക്കാർ ആനുകൂല്യങ്ങൾ നിരസിച്ചതിനെ തുടർന്ന് ബിസിസിഐക്ക് 190 കോടി രൂപയാണ് (22 മില്യൺ യുഎസ് ഡോളർ) നഷ്ടമായത്. ഈ തുക ബിസിസിഐയുടെ റവന്യൂ സർചാർജിൽ നിന്നും ഐസിസി ഈടാക്കി. ഇത് സംബന്ധിച്ച് കേസ് ഇപ്പോഴും ഐസിസി ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണ് ഐസിസിയുടെ പുതിയ നീക്കം.

ഐസിസി നിയമങ്ങൾ അനുസരിച്ച് ആതിഥേയ രാജ്യമാണ് അതത് സർക്കാരുകളിൽ നിന്ന് നികുതി ഇളവുകൾ കണ്ടെത്തേണ്ടത്. ഇക്കാര്യം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ഇതുവരെ ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പകരം മുമ്പ് ബിസിസിഐക്കുള്ള വരുമാന വിഹിതത്തിൽ നിന്ന് തുക കുറച്ചതിനെതിരെ ഐസിസി ട്രിബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. നികുതി പ്രശ്നത്തിനൊപ്പം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്‌കരണ ഭീഷണിയും അടുത്ത വർഷം ഇന്ത്യ വേദിയാവേണ്ട ഏകദിന ലോകകപ്പിനുണ്ട്. ഇതെല്ലാം ബിസിസിഐ സെക്രട്ടറി ജയ്ഷായ്ക്ക് വലിയ വെല്ലുവിളിയാണ്.

2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ നികുതി ആനുകൂല്യങ്ങൾ നിരസിക്കുകയാണെങ്കിൽ, ഐസിസിയും ബിസിസിഐയും വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് പോകാൻ സാധ്യതയുണ്ട്. 2023 ലോകകപ്പ് നടക്കുന്നതിന് മുമ്പ് ഈ പ്രശ്‌നം പരിഹരിക്കണം എന്നാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ലെ അതേ നിലപാടായിരിക്കും ഇന്ത്യ ഇത്തവണയും പിൻതുടരുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ബിസിസിഐക്ക് മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് നികുതി ഉപേക്ഷിക്കുന്ന കാര്യം അംഗങ്ങളെ ബോധ്യപ്പെടുത്തണം. രണ്ട്, ഇന്ത്യയിൽ നിന്ന് 2023 ലെ ക്രിക്കറ്റ് ലോകകപ്പ് മാറ്റുക. മൂന്ന്, 2016-ൽ ചെയ്തതു പോലെ ഇന്ത്യയുടെ വിഹിതത്തിൽ നിന്ന് ഐസിസിക്ക് ആ തുക കുറക്കാം.

കേന്ദ്രസർക്കാർ വിനോദനികുതി ഇനത്തിൽ 21.84 ശതമാനം സംപ്രേഷണവുമായി ബന്ധപ്പെട്ട വരുമാനത്തിൽ നിന്നും ഐസിസി നൽകേണ്ട സ്ഥിതിയാണ്. അങ്ങിനെ വന്നാൽ 955 കോടി രൂപ നഷ്ടമാവുക ബിസിസിഐയ്ക്കാണെന്നാണ് കണക്കുകൂട്ടൽ. സാധാരണ നടക്കുന്ന കലാ-കായിക മത്സരങ്ങളോ പരിപാടികളോ ആയി ബന്ധപ്പെട്ട് ടിക്കറ്റ് വരുമാനം കൂടാതെയുണ്ടാക്കുന്ന വരുമാനത്തിലാണ് നികുതി പിരിക്കുന്നത്. സംപ്രേഷണ വരുമാനത്തിന് മേൽ 21.84 ശതമാനം നികുതി ഏർപ്പെടുത്തി വിഷയത്തിൽ കേന്ദ്രസർക്കാർ അയവ് നൽകാത്തത് ബാധിക്കുക ബിസിസിഐയെ ആയിരിക്കും.

അതിനിടെ, ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വേണ്ട നടപടിയെടുക്കുന്നില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ ആരോപിച്ചു. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക്കിസ്ഥാൻ ഇന്ത്യയിലേക്കും എത്തുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് റമീസ് രാജയുടെ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here