തിരുവനന്തപുരം കോർപ്പറേഷനിലെ കത്തു വിവാദം ആറിത്തണുക്കുന്നു

0

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്തു വിവാദം ആറിത്തണുക്കുന്നു. ഫുട്‌ബോൾ ലഹരിയിൽ നേതാക്കൾ അന്വേഷണം മറന്നതോടെയാണ് വിവാദം സിപിഎം വെളുപ്പിക്കുന്നത്. കോർപറേഷനിലെ കത്തു വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണവും വിജിലൻസിന്റെ പ്രാഥമികാന്വേഷണവും നിലച്ച മട്ടിലാണ്. സിപിഎം വാട്‌സാപ് ഗ്രൂപ്പിൽ പ്രചരിച്ച കത്തിനെക്കുറിച്ച് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രഖ്യാപിച്ച രണ്ടംഗ സമിതിയുടെ പാർട്ടിതല അന്വേഷണവും മരവിച്ച മട്ടാണ്. സമിതി അംഗങ്ങളുടെ പേരുകൾ പോലും പുറത്തുവിട്ടിട്ടില്ല. ആളുകളുടെ മറവിയെ ഉപയോഗിച്ചു എല്ലാം ഒതുക്കാനാണ് ശ്രമം.

ഈ വിഷയത്തിൽ മേയർ ആര്യ രാജേന്ദ്രൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാരോപിച്ച് കോർപറേഷനിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി അടുത്ത ആഴ്ച വിധി പറയും. ഇതിനു ശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ചും വിജിലൻസും. തദ്ദേശ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാനും ഹൈക്കോടതി വിധി കാത്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ഓംബുഡ്‌സ്മാൻ ഈ മാസം 27ന് വിശദ വാദം കേൾക്കും.

കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും വിജിലൻസിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ചിന് ആരോപണവിധേയരുടെ മൊബൈൽ ഫോണും കംപ്യൂട്ടറുകളും പിടിച്ചെടുത്ത് ഫൊറൻസിക് ലാബിൽ പരിശോധിക്കാൻ അധികാരമുണ്ട്. എന്നാൽ, ഉന്നത ഇടപെടൽമൂലം അവർ ഇതിനു തയാറായിട്ടില്ല. വിവാദത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള വകുപ്പില്ലെന്നാണ് വിജിലൻസിന്റെ വാദം. കേസ് രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം അവസാനിപ്പിക്കാനാണു നീക്കം.

അതേസമയം മേയർക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന പ്രതിഷേധ പരിപാടികളും തണുക്കുന്നു. പ്രതിഷേധം കാരണം ഒരു മാസത്തോളം കോർപറേഷൻ പരിസരവും ഓഫിസും യുദ്ധക്കളമായിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും മേയർ രാജിവയ്ക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നും യുഡിഎഫും ബിജെപിയും അറിയിച്ചു.

സാധാരണ നിലയിൽ കേസ് അന്വേഷണത്തിൽ മികവ് കാണിക്കുന്ന കേരള പൊലീസിന് ഈ കേസിൽ തുമ്പുണ്ടാക്കാൻ പോലും സാധിച്ചില്ല. നിയമനത്തിന് പാർട്ടിപ്പട്ടിക തേടി തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെയും സ്ഥിരംസമിതി അധ്യക്ഷന്റെയും പേരിൽ പ്രചരിച്ച രണ്ടുകത്തുകളിലാണ് ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണംനടത്തുന്നത്. ‘കത്ത് കാണാനില്ലെന്ന’ വലിയ കണ്ടുപിടിത്തം നടത്തിയ ക്രൈംബ്രാഞ്ച് സംഘം, കത്ത് സാമൂഹികമാധ്യമത്തിൽ ആദ്യമിട്ട സിപിഎം. ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഏഴയലത്തു പോകാതെയാണ് റിപ്പോർട്ടുതയ്യാറാക്കിയത്.

24 മണിക്കൂറിനുള്ളിൽ തെളിയിക്കാവുന്ന കേസാണ് വലിച്ചിഴച്ച് ഇല്ലാതാക്കിയരിക്കുന്നത്. 295 പേരെ നിയമിക്കുന്നതിന് പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം. ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന് നൽകാൻ മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ തയ്യാറാക്കിയ കത്താണ് പുറത്തുവന്ന ഒന്ന്. ഇത് തയ്യാറാക്കിയത് മേയറല്ലെന്ന് അവരും, തനിക്ക് കിട്ടിയിട്ടില്ലെന്ന് ആനാവൂരും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണംതുടങ്ങുന്നത്.

‘കാര്യം തിരക്കി വാ’ എന്ന നിർദ്ദേശം മാത്രമാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്. അതിനാൽ, കേസെടുത്തിട്ടില്ല. മേയർ, ആനാവൂർ, മേയറുടെ ഓഫീസിലെ രണ്ടു ജീവനക്കാർ എന്നിങ്ങനെ നാലുപേരുടെ മൊഴിയെടുത്താണ് ‘കത്ത് കാണാനില്ല’ എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്. സിപിഎം. പാർട്ടി അംഗങ്ങൾ മാത്രമുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ കത്ത് ആദ്യംവന്നത്. അത് പോസ്റ്റ്ചെയ്തത് ഏരിയാ കമ്മിറ്റി അംഗമാണ്. വിവാദമായപ്പോൾ ഗ്രൂപ്പിൽനിന്ന് ഡിലീറ്റ് ചെയ്തു. മേയറും ആനാവൂരും മേയർ ഓഫീസിലെ ജീവനക്കാരും തങ്ങൾക്ക് അറിവില്ലെന്ന് നിഷേധിച്ച കത്തെങ്ങനെ സിപിഎം. ഏരിയാകമ്മിറ്റി അംഗത്തിന് ലഭിച്ചെന്ന് കണ്ടെത്താൻ അദ്ദേഹത്തോട് ചോദിക്കുകയാണ് പ്രാഥമികമായ മാർഗം. അതിൽ പോലും വീഴ്‌ച്ച വരുത്തികയാണ് പൊലീസ് ചെയ്തതും.

LEAVE A REPLY

Please enter your comment!
Please enter your name here