സ്പീക്കറിന്റെ സഹോദരന് വേണ്ടി തീരദേശ നിയന്ത്രണ നിയമത്തിലും ഇളവ്

0

കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപത്തെ വിവാദ ഭൂമി ഇടപാടിൽ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരന് വേണ്ടി നടത്തിയ വഴിവിട്ട ഇടപെടലുകൾ കൂടുതൽ പുറത്തേക്ക്. സ്പീക്കറുടെ ബന്ധും അടക്കമുള്ളവർ പാട്ടത്തിനെടുത്ത കടൽത്തീരത്തെ കെട്ടിടത്തിൽ തീരദേശ പരിപാലന അഥോറിറ്റി നിർമ്മാണ അനുമതി നൽകിയത് നിയമത്തിൽ ഇളവുകൾ നൽകിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

തുറമുഖ വകുപ്പിനു കീഴിലുള്ള കെട്ടിടമാണ് സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ.ഷാഹിർ പങ്കാളിയായ സ്ഥാപനത്തിനു 10 വർഷത്തേക്കു പാട്ടത്തിനു നൽകിയത്. ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താൻ തീരദേശ പരിപാലന അഥോറിറ്റി നൽകിയ അനുമതിയും വിവാദമായിരിക്കയാണ്. കെട്ടിടത്തിന്റെ ദൂരപരിധി സംബന്ധിച്ചാണ് പ്രധാനമായും ആക്ഷേപമുള്ളത്.

ഈ കെട്ടിടത്തിന്റെ തൊട്ടപ്പുറത്തുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടം കടലിൽനിന്ന് 48 മീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടത്തിന് തീരദേശ പരിപാലന അഥോറിറ്റി ഇതുവരെ അനുമതി നൽകിയിട്ടില്ല. അങ്ങനെയെങ്കിൽ കടലിൽനിന്ന് 27 മീറ്റർ മാത്രം അകലെയുള്ള സ്പീക്കറുടെ ബന്ധുവിന്റെ സ്ഥാപനത്തിന് എങ്ങനെ നിർമ്മാണ അനുമതി നൽകിയെന്ന് ചോദ്യം ഉയരുന്നു.

ഈ കെട്ടിടത്തിൽ മുൻപു നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തീരദേശ നിയന്ത്രണ നിയമത്തിന്റെ പേരിൽ നേരത്തേ അധികൃതർ പൊളിച്ചുകളഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശത്ത് സ്പോർട്സ് കോംപ്ലക്‌സും സ്വിമ്മിങ് പൂളും നിർമ്മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു.

സർക്കാർ നേരിട്ടു നടത്തുന്ന കോടിക്കണക്കിനു രൂപ ചെലവു വരുന്ന ആ പദ്ധതിയും തീരദേശ നിയമത്തിന്റെ ലംഘനമാകുമെന്നു കണ്ട് ഒഴിവാക്കിയതാണ്. സമാന സ്ഥലത്താണ് ഇപ്പോൾ ഹോട്ടൽ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിലെല്ലാം നിയമലംഘനം വ്യക്തമാണ്.

തുറമുഖ വകുപ്പിന്റെ പഴയ കെട്ടിടത്തിൽ നവീകരണം മാത്രമാണു നടത്തുന്നതെന്നും 1996നു മുൻപുള്ള കെട്ടിടമായതിനാൽ നവീകരണത്തിന് തടസ്സമില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ വെറും നവീകരണമല്ല, നവീകരണത്തിന്റെ മറവിൽ വൻതോതിൽ നിർമ്മാണമാണു നടക്കാൻ പോകുന്നതെന്നു ഫയലിൽ നിന്നു വ്യക്തമാണ്. 341.16 സ്‌ക്വയർ മീറ്റർ കെട്ടിടം ഏതാണ്ട് ഇരട്ടിയോളമാക്കി 592.16 സ്‌ക്വയർ മീറ്റർ ആക്കാനാണ് അനുമതി തേടുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതും തീരദേശ പരിപാലന അഥോറിറ്റി കണ്ണടച്ചുവിട്ടു.

5 സെന്റിലെ ചെറിയ വീടുകൾ അടക്കം നിരവധി അപേക്ഷകൾ വർഷങ്ങളായി തീരദേശ നിയന്ത്രണ നിയമത്തിൽ കുരുങ്ങിക്കിടക്കുമ്പോഴാണ് സ്പീക്കറുടെ സഹോദരന്റെ സ്ഥാപനത്തിനു വേണ്ടി ഇളവുകളോടെ വെറും 4 ദിവസത്തിനുള്ളിൽ തീരദേശ പരിപാലന അഥോറിറ്റി അനുമതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here