സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സർവിസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി മോട്ടോർവാഹന വകുപ്പ് 50 ശതമാനം കുറച്ചു

0

സംസ്ഥാനത്ത് ടൂറിസം മേഖലയിൽ സർവിസ് നടത്തുന്ന കാരവനുകളുടെ ത്രൈമാസ നികുതി മോട്ടോർവാഹന വകുപ്പ് 50 ശതമാനം കുറച്ചു. 1000 രൂപയിൽ നിന്ന് 500 രൂപയായി കുറയും. 2022 ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യം ഉണ്ടാകും. ടൂറിസം വകുപ്പുമായുള്ള കാരവനുകളുടെ കരാർ വിവരങ്ങൾ ടൂറിസം ഡയറക്ടർ നൽകണമെന്ന് ഗതാഗതവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

കാരവനുകൾക്ക് കോൺട്രാക്ട് കാര്യേജ് പെർമിറ്റും ഗതാഗത വാഹന വിഭാഗ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. കരാർ അവസാനിപ്പിക്കുന്ന കാരവനുകളുടെ വിശദാംശങ്ങൾ ടൂറിസം ഡയറക്ടർ ഗതാഗതവകുപ്പിന് നൽകണം. കരാർ തീരുന്ന കാലയളവ് മുതൽ സാധാരണ നിരക്കിൽ നികുതി അടക്കണം.

കാരവൻ ഓപറേറ്റർമാർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതിലൂടെ കേരളത്തിന്റെ കാരവൻ ടൂറിസം നയത്തിന് തുടക്കത്തിൽ തന്നെ ശ്രദ്ധ നേടാനായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 50 ശതമാനം നികുതി കുറച്ചത് സംരംഭത്തിന് കൂടുതൽ പ്രോത്സാഹനമേകാനും കോവിഡിനുശേഷമുള്ള വിനോദസഞ്ചാരമേഖലയുടെ പുനരുജ്ജീവന വേഗം വർധിപ്പിക്കാനും സഹായിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ കാരവനുകൾ എത്താൻ നിരക്കിളവ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here