മകള്‍ സംരക്ഷിക്കുന്നില്ലെന്ന മാതാവിന്റെ പരാതിയില്‍ മകളെയും കുടുംബത്തെയും വീട്ടില്‍നിന്നും ഒഴിപ്പിച്ചു

0

കണ്ണൂർ: മകള്‍ സംരക്ഷിക്കുന്നില്ലെന്ന മാതാവിന്റെ പരാതിയില്‍ മകളെയും കുടുംബത്തെയും വീട്ടില്‍നിന്നും ഒഴിപ്പിച്ചു. കൊറ്റാളി അത്താഴക്കുന്ന് റഹ്‌മാനിയ മസ്ജിദിന് സമീപം പുതിയപുരയില്‍ താമസിക്കുന്ന പി.പി. സാജിദ, ഭര്‍ത്താവ് മൊയ്തീന്‍ എന്നിവർക്കെതിരെയാണ് നടപടി. സാജിതയുടെ ഉമ്മയും പുതിയപുരയില്‍ വീടിന്റെ അവകാശിയുമായ പി.പി. ജമീലയുടെ പരാതിയിലാണ് ഇവരെ വീട്ടിൽനിന്ന് ഒഴിപ്പിച്ചത്. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമമനുസരിച്ച് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി. മേഴ്‌സിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവരെ ഒഴിപ്പിച്ചത്.

ജമീലയുടെ പരാതിയില്‍ സാജിതയും കുടുംബവും പുതിയപുരയില്‍ വീട്ടില്‍നിന്നു 20 ദിവസത്തിനകം ഒഴിയണമെന്ന് തലശ്ശേരി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ 2020 ഫെബ്രുവരി ആറിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, വീട് ഒഴിയാത്തതിനെത്തുടര്‍ന്ന് ജമീല ഹൈകോടതിയില്‍ ഹരജി നല്‍കി. ഇരുകക്ഷികളെയും കേട്ട കോടതി ഉചിതമായ തീരുമാനം നടപ്പാക്കാന്‍ കലക്ടര്‍ക്ക് നിർദേശം നല്‍കി. തുടര്‍ന്ന് കലക്ടര്‍, ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീടൊഴിയാന്‍ 2021 ജൂണ്‍ 21ന് ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here