കേരളത്തിനായി ഡിസൈൻ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ലോകത്തിന്റെ ഡിസൈൻ ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നത് ലക്ഷ്യമാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിനായി ഡിസൈൻ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈൻ വീക്ക് ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണ്. ഇതിനായി സമഗ്രമായ ഡിസൈൻ നയം ആവശ്യമാണ്. കൊച്ചി ഡിസൈൻ വീക്കിൽ പങ്കെടുക്കുന്ന ദേശീയ-അന്തർദേശീയ വിദഗ്ധരെ നയരൂപീകരണത്തിൽ ഉൾപ്പെടുത്തും.സർഗ്ഗാത്മകതയുടെ ആഗോള ഹബ്ബായി രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. രാജ്യത്തിന്റെ ഡിസൈൻ തലസ്ഥാനമായി കേരളത്തെ മാറ്റാണ് പരിശ്രമിക്കുന്നത്. അതിന് വേണ്ട പ്രതിഭ, മികച്ച അന്തരീക്ഷം, മികച്ച സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങൾ എന്നിവ കേരളത്തിനുണ്ട്.

കെ-ഫോൺ, മുക്കിലും മൂലയിലുമെത്തുന്ന ഇന്റർനെറ്റ് സംവിധാനം, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം എന്നിവയാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഡിസൈൻ മേഖലയ്ക്ക് മുതൽക്കൂട്ടായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉടൻ തന്നെ സർക്കാർ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വെളിച്ചെണ്ണ, കശുവണ്ടി, കയർ മുതലായ കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ ഈ ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കും. കർശനമായ ഗുണമേന്മ പരിശോധനകൾക്ക് ശേഷമാകും ഇവ വിപണിയിലിറക്കുന്നത്.

ഇതിന്റെ വിൽപനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ഡിസൈനിലൂടെ ഉൽപ്പന്നത്തിന്റെ ഡിമാന്റ്, മൂല്യം, മത്സരശേഷി എന്നിവ വർധിക്കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂളുകളിലും കോളേജുകളിലും ഡിസൈൻ ചിന്ത വർധിപ്പിക്കുന്നതിനായി വേൾഡ് ഡിസൈൻ കൗൺസിൽ തയ്യാറാക്കിയ താത്പര്യപത്രം വേൾഡ് ഡിസൈൻ കൗൺസിൽ അധ്യക്ഷ പോള ഗസാർഡ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വേൾഡ് ഡിസൈൻ കൗൺസിൽ അധ്യക്ഷ പോള ഗസാർഡ്, വേൾഡ് ഡിസൈൻ കൗൺസിൽ അംഗം പ്രദ്യുമ്‌ന വ്യാസ്, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഐഎസ്ഡിസി എക്‌സിക്യൂട്ടീവ് തെരേസ ജേക്കബ്‌സ്, അസറ്റ് ഹോംസ് എംഡി: വി.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ബോൾഗാട്ടിയിൽ നടക്കുന്ന ഉച്ചകോടിയിൽ 21 വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടക്കും. ഡിസൈൻ കേരളത്തിലെ സാധ്യതകൾ, കൊച്ചിയുടെ ഡിസൈൻ ഭാവി, മലയാള സിനിമാ വ്യവസായത്തിലെ ഉപയോഗപ്പെടുത്താത്ത അന്താരാഷ്ട്രസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖരുടെ പാനൽ ചർച്ചയുണ്ടാകും.

വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന 22 ഇൻസ്റ്റലേഷനുകളും ഡിസൈൻ വീക്കിന്റെ ആകർഷണങ്ങളാണ്. ആർക്കിടെക്ച്ചർ, ഡിജിറ്റൽ ആർട്ട്, ഗ്രാഫിക്‌സ്, ദാരുശിൽപങ്ങൾ, ചിത്രകല, സൂക്ഷ്മകല തുടങ്ങിയ മേഖലകളിലാണ് ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുള്ളത്. അന്തർദേശീയ വ്യവസായ സ്ഥാപനങ്ങളായ വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ, വേൾഡ് ഡിസൈൻ കൗൺസിൽ എന്നിവയ്ക്ക് പുറമേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് (ഐഐഐഡി), തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും കൊച്ചി ഡിസൈൻ വീക്കുമായി സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here