ചരിത്രമായി സ്പീക്കര്‍ പാനല്‍: എല്ലാവരും വനിതകള്‍

0

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചപ്പോള്‍ സ്പീക്കര്‍ പാനല്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ പാനല്‍ പൂര്‍ണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലെ അംഗങ്ങള്‍ മുഴുവന്‍ വനിതകളാകുന്നത്.

പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സ്പീക്കര്‍ എ എന്‍ ഷംസീറാണ്. സ്പീക്കറുടെ നിര്‍ദേശം അനുസരിച്ച് പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമ എന്നിവരുടെ പേരുകളും ഭരണപക്ഷത്തു നിന്ന് യു പ്രതിഭ, കനത്തില്‍ ജമീല, സി കെ ആശ എന്നിവരുടെ പേരുകളുമാണ് അതത് കക്ഷികള്‍ നാമനിര്‍ദേശം ചെയ്തിരുന്നത്.

സീനിയോറിറ്റി അനുസരിച്ചാണ് സഭ നിയന്ത്രിക്കേണ്ടവരെ സ്പീക്കര്‍ തെരഞ്ഞെടുത്തത്. അതേസമയം സ്പീക്കര്‍ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ എന്‍ ഷംസീര്‍ പ്രതികരിച്ചു. തന്റെ രാഷട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നത് വ്യക്തിപരമായ ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പറഞ്ഞു.

Leave a Reply