കോട്ടയം: ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെ പിന്തുണക്കുന്ന കുറിപ്പിലാണ് എംപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. പോസ്റ്റ് വിവാദത്തില്‍.’സോണിയാഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായിട്ട്, പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ വന്ന് ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ്’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
സംഭവം വിവാദമായതോടെ തലക്കെട്ട് നീക്കം ചെയ്തു. തുടര്‍ന്നുള്ള കുറിപ്പ് ഡിസിസി പേജില്‍ നിന്നും നീക്കം ചെയ്തിട്ടില്ല.’സിപിഎമ്മിന്റെ കുത്തകയായിരുന്നു നാട്ടകം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ കൊടി പായിച്ചു പഞ്ചായത്ത് പ്രസിഡന്റാവുമ്പോള്‍ ഇദ്ദേഹത്തിന് പ്രായം വെറും 25 വയസ് മാത്രമായിരുന്നു.കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ പല മേഖലയിലും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡന്റായത്.ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുപ്പായവും തയ്ച്ചു കോണ്‍ഗ്രസുകാരനായത് അല്ല.’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.അതേസമയം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഡിസിസിയുടെ പേജില്‍ തന്നെയാണോയെന്ന് അറിയില്ലെന്നും തന്റെ അറിവോടെയല്ല പോസ്റ്റ് എന്നുമാണ് വിഷയത്തില്‍ നാട്ടകം സുരേഷിന്റെ വിശദീകരണം.ശശി തരൂരിന്റെ കോട്ടയം പര്യടനവുമായി ബന്ധപ്പെട്ട് നേരത്തെ നാട്ടകം സുരേഷ് രംഗത്തെത്തിയിരുന്നു. എഐസിസി നിര്‍ദേശം നിലനില്‍ക്കെ തരൂരിന്റെ കോട്ടയം സന്ദര്‍ശനം ഡിസിസിയെ അറിയിച്ചില്ലെന്ന് ആക്ഷേപം നാട്ടകം സുരേഷ് ഉന്നയിച്ചതാണ് വിവാദത്തില്‍ കലാശിച്ചത്. അതിന് പിന്നാലെയാണ് പോസ്റ്റ് വിവാദം.