ശിൽപയുടെയും ദേവാനന്ദിന്റെയും വിവാഹം കൂടാൻ ഗുരുവായൂരിലെത്തിയവരെല്ലാം ഒരു ഉത്സവം കണ്ട പ്രതീതിയുമായാണ് വീട്ടിലേക്ക് മടങ്ങിയത്

0

ശിൽപയുടെയും ദേവാനന്ദിന്റെയും വിവാഹം കൂടാൻ ഗുരുവായൂരിലെത്തിയവരെല്ലാം ഒരു ഉത്സവം കണ്ട പ്രതീതിയുമായാണ് വീട്ടിലേക്ക് മടങ്ങിയത്. ക്ഷേത്ര നടയിലെ താലികെട്ട് കഴിഞ്ഞ് ശിങ്കാരമേളം കൊട്ടുകാർക്കൊപ്പം ചേർന്നാണ് വരനും വധുവും വിവാഹം അടിപൊളിയാക്കിയത്. വധു ചെണ്ടയെടുത്തപ്പോൾ വരൻ ഇലത്താളവും കൈക്കലാക്കി. ഇരുവരുടേയും താളത്തിൽ അതിഥികൾ മതി മറന്ന് താളം പിടിച്ചു.

ഗുരുവായൂർ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തിൽ താലി കെട്ടിയശേഷം ഹാളിലേക്ക് ആനയിക്കുമ്പോഴായിരുന്നു വധൂവരന്മാരുടെ ‘കല്യാണമേളം’. വധൂവരന്മാരെ ഹാളിലേയ്ക്ക് ആനയിച്ചത് ശിങ്കാരിമേളത്തോടെയായിരുന്നു. കൊട്ടിന്റെ ആവേശത്തിൽ വധു ചെണ്ട വാങ്ങി ഒപ്പം കൂടിയപ്പോൾ പിന്നിൽ ഇലത്താളവുമായി വരനും കൂടുകയായിരുന്നു. ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകൾ ശില്പയാണ് വധു.

വിവാഹസത്കാരം നടക്കുന്ന പടിഞ്ഞാറേനടയിലെ ലോഡ്ജ് ഹാളിനു മുന്നിലായിരുന്നു വധുവിന്റേയും വരന്റേയും അടിപൊളി ശിങ്കാരി മേളം. 25 പേർ നിന്ന് ശിങ്കാരിമേളം കൊട്ടുകയായിരുന്നു. ഇതിനിടെയാണ് നല്ലൊരു മേളക്കാരി കൂടിയായ ശില്പ ചെണ്ട വാങ്ങി തോളിലിട്ട് കൊട്ടാൻ തുടങ്ങിയത്. ഇതോടെ വരൻ കണ്ണൂർ സ്വദേശിയായ ദേവാനന്ദും വെറുതെ നിന്നില്ല. ഇലത്താളം വാങ്ങി ചുവടുവെച്ച് കുത്തി ഭാര്യക്ക് പിന്തുണ നൽകി. വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊണ്ടും ഇലത്താളവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.

Leave a Reply