സാക്ഷിയാകാമെന്ന് അറിയിച്ചത് യുവ അഭിഭാഷകൻ; തെളിവായി നൽകിയത് സിസിടിവി ദൃശ്യങ്ങളും; എന്നിട്ടും അറസ്റ്റ് ചെയ്യേണ്ടതിനു പകരം നാളെ വരാൻ പറഞ്ഞയച്ച് തലശ്ശേരി പോലീസ്; കേരളാ പോലീസിന്റെ ആവർത്തിക്കുന്ന ‘ഒറ്റപ്പെട്ട വീഴ്ചകള്‍’

0

തലശ്ശേരി: പോലീസിനെതിരെ ദിവസവും ഉയരുന്ന വീഴ്ചകളുടെ കണക്കിൽ ഒന്നുകൂടി കടന്നെത്തുമ്പോൾ ഇതും ‘ഒറ്റപ്പെട്ട വീഴ്ചകള്‍’ എന്ന് തന്നെയാകും അധികൃതരുടെ ഭാഷ്യം. കാറിൽ ചാരി നിന്നതിനു പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച യുവാവിനെ സ്റ്റേഷനിൽ വിളിപ്പിച്ച് ശേഷം വിട്ടയക്കുകയാണ് പോലീസ് ആദ്യം ചെയ്തത്. സംഭവം വൻ വാർത്ത ആയത്തോടു കൂടി പോലീസ് ഉണർന്നു പ്രവർത്തിച്ചു. മാധ്യമനാണ് ഏറ്റെടുത്തതിനു പിന്നാലെ ആ ക്രൂരനെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി തലശ്ശേരിയില്‍ ആറു വയസ്സുകാരനായ കുട്ടിയെ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് പോലീസ് നടപടിക്കെതിരേ വിമർശനമുയരുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്രൂരകൃത്യം ചെയ്ത ഇയാളെ രാത്രി പോലീസ് വിളിച്ചുവരുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യം ഇന്ന് മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഇയാളെ കസ്റ്റഡയിലെടുക്കാനും കേസെടുക്കാനും പോലീസ് തയ്യാറായത്.

സംഭവത്തില്‍ പരിക്കേറ്റ രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടി നിലവില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മണവാട്ടി ജങ്ഷനില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് കുട്ടി ചാരിനിന്നത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിവന്ന ശിഹ്ഷാദ് കുട്ടിയെ കാലുയര്‍ത്തി ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റ് കുട്ടി പകച്ചുനില്‍ക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സിസിടിവി വീഡിയോയില്‍ കാണാം.

കുട്ടിക്ക് എതിരായ ക്രൂരത കണ്ട നാട്ടുകാര്‍ ബഹളം വെക്കുന്നതും യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രാത്രി പതിനൊന്നു മണിയോടെ പോലീസ് ശിഹ്ഷാദിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു. രാവിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബാലവകാശ കമ്മീഷനും മറ്റും ഇടപെടുകയും പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടോപോയത്.

അതേസമയം, പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തലശ്ശേരി എ.എസ്.പി പറഞ്ഞു.’വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും വാഹന ഉടമയെ തിരിച്ചറിയുകയും ചെയ്തു. ഇതിനിടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തി. രാത്രി തന്നെ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. രാവിലെ ആളെ കസ്റ്റഡിയിലെടുക്കാനും പോലീസിന് സാധിച്ചു. പോലീസ് കൃത്യമായി ഇടപെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്’, തലശ്ശേരി എഎസ്പി പറഞ്ഞു.

ഒരു കുട്ടിക്കെതിരെ ഇത്തരമൊരു അക്രമണം നടത്തിയിട്ടും തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് പ്രതിയെ രാത്രിതന്നെ വിട്ടയച്ചുവെന്ന ചോദ്യത്തിന് എഎസ്പിയുടെ മറുപടി കൗതുകകരമായിരുന്നു. ‘നമ്മുടെ നാട്ടില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും തലശ്ശേരി പോലീസ് കൃത്യമായി ചെയ്തിട്ടുണ്ട്’, എ.എസ്.പി പറഞ്ഞു. 308,323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here