ഗവർണർ – സർക്കാർ പോരിൽ ബലിയാടാകുക ഡോ. സിസ തോമസോ? സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസിക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

0

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസിനെതിരെ സംസ്ഥാന സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട്. സാങ്കേതിക സർവകലാശാല ഡെപ്യൂട്ടി ഡയറക്ടറായ ഡോ സിസ തോമസ് അനുമതി വാങ്ങാതെയാണ് വിസിയുടെ ചുമതല ഏറ്റതെന്നാണ് സർക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നൽകിയത് ചട്ടവിരുദ്ധമാണെന്നും ഡോ. സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നുമാണ് സർക്കാരിന്റെ നിഗമനം.

സർവീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തൽ. ഡോ സിസ തോമസിനോട് സർക്കാർ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സർക്കാർ അറിയിച്ചു. തീരുമാനം സാങ്കേതിക സർവകലാശാല അറിഞ്ഞില്ല.

സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ച രണ്ട് പേരുകൾ തള്ളിക്കൊണ്ടാണ് രാജ്ഭവൻ ഡോ സിസാ തോമസിന് താത്ക്കാലിക ചുമതല നൽകിയത്. നിലവിൽ വഹിക്കുന്ന ശാസ്ത്രസാങ്കേതിക ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ പദവിക്ക് പുറമെയാണ് വിസിയുടെ താത്ക്കാലിക ചുമതല.

ചുമതലയേറ്റടുത്ത കാര്യം രാജ്ഭവനെ രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടർന്ന് ഓഫിസ് വിട്ട വിസിയെ ഗോബാക്ക് വിളികളോടെയാണ് ഇടത് അനുകൂല സർവീസ് സംഘടനകൾ യാത്രയാക്കിയത്. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാൻസലർ ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here