കരസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 17 മുതൽ 29 വരെ; റാലി കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

0



തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 17 മുതൽ 25 വരെ കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കൽ, അഗ്‌നിവീർ ട്രേഡ്സ്മെൻ (പത്താം ക്ലാസ്, എട്ടാം ക്ലാസ്), അഗ്‌നിവീർ (ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ) വിഭാഗങ്ങളിലേക്കാണ് റാലി നടത്തുന്നത്.

അഗ്‌നിവീർ റാലി കൂടാതെ, നവംബർ 26 മുതൽ 29 വരെ സോൾജിയർ ടെക്നിക്കൽ നഴ്സിങ് അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കായി ആർമി റിക്രൂട്ട്മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായാണ് ആർമി റിക്രൂട്ട്‌മെന്റ് റാലി.

ഓൺലൈൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം. രജിസ്റ്റർ ചെയ്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും അഡ്‌മിറ്റ് കാർഡുകൾ അവരുടെ ഇമെയിലിലേക്ക് അയച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സൈന്യം നൽകുന്ന മുന്നറിയിപ്പുകൾ ഇനി പറയുന്നവയാണ്. എല്ലാ ഉദ്യോഗാർത്ഥികളും റാലി നടക്കുന്നിടത്ത് അഡ്‌മിറ്റ് കാർഡിനൊപ്പം ഒറിജിനലിൽ രേഖകൾ കൊണ്ടുപോകേണ്ടതാണ്. എന്നാൽ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് വാഗ്ദാനം ചെയ്യുന്ന അനധികൃത വ്യക്തികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ കൈമാറരുത്.

സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഒരു സൗജന്യ സേവനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും കമ്പ്യൂട്ടർവത്കൃതവും സുതാര്യവുമാണ്. അതിനാൽ തട്ടിപ്പുകാർക്ക് ഇതിൽ ഇടപെടാനോ ഉദ്യോഗാർത്ഥികളെ സഹായിക്കാനോ കഴിയുന്നതല്ല. ഇത്തരം തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും വ്യക്തികളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ ഉടൻ തന്നെ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷൻ / ആർമി യൂണിറ്റ് / റാലി സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള പരാതി സെൽ എന്നിവയിലേതിലെവിടെയെങ്കിലും അറിയിക്കേണ്ടതാണ്. കൈക്കൂലി കൊടുക്കൽ/വാങ്ങൽ, വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കൽ, നിയമപരമല്ലാത്ത ഏതെങ്കിലും പ്രവർത്തികളിൽ ഏർപ്പെടൽ എന്നിവ ക്രിമിനൽ കുറ്റവും നിയമപ്രകാരം ശിക്ഷാർഹവുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here