വിഴിഞ്ഞത്തെ സമരപ്പന്തൽ നീക്കം ചെയ്യണം; ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുത്’; ഹൈക്കോടതി

0

കൊച്ചി: വിഴിഞ്ഞത്തെ സമരത്തിനെതിരെ വീണ്ടും ഹൈക്കോടതി. സമരപ്പന്തൽ ഉടൻ നീക്കം ചെയ്യണമെന്ന് ആവർത്തിച്ച കോടതി ഈ കാര്യത്തിൽ വീണ്ടുമൊരു ഉത്തരവിടാൻ നിർബന്ധിക്കരുതെന്നും അത് നല്ലതിനാവില്ലെന്നും മുന്നറിയിപ്പ് നൽകി.

നിർമാണം തടസപ്പെടുന്നുണ്ടെന്ന് മനസിലായിട്ടുണ്ട്. ഉത്തരവ് പാലിക്കാനുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു. സമരം നിർത്തരുതെന്ന് കോടതിക്ക് പറയാനാവില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുത്. അങ്ങനെ ചെയ്താൽ കോടതിക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. പൊലീസുകാരെയും മർദിച്ചിട്ടുണ്ടെന്നും സാഹചര്യം കൂടുതൽ വഷളാവുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

സമരപ്പന്തൽ ഇപ്പോഴും അവിടെ തന്നെ ഉണ്ടെന്ന് അദാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. മറുപടി നൽകാൻ സമയം നൽകരുതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഹരജി മാറ്റിവെക്കരുതെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. രണ്ട് മാസമായി നിർമാണം തടസപ്പെടുകയാണ്. ഇക്കാര്യത്തിൽ കോടതി നടപടി സ്വീകരിക്കണമെന്നും പൊലീസ് നിസഹായരായി നിൽക്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇന്നലെയും നിർമാണ മേഖലയിലേക്ക് സമരക്കാർ കടന്നിരുന്നു.ബാരിക്കേഡ് സ്ഥാപിച്ചത് ഇന്നലെ സമരക്കാർ കടലിലെറിഞ്ഞിരുന്നു. അതേസമയം, വിഴിഞ്ഞം ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. പത്ത് ദിവസത്തിന് ശേഷം അദാനി നൽകിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here