ഓമ്‌നി വാനുമായി ഇടിച്ച്‌ പെട്രോളുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു

0


അടൂര്‍: ഫുള്‍ ലോഡുമായി ടാങ്കര്‍ ലോറി ഓമ്‌നി വാനുമായി ഇടിച്ചു മറിഞ്ഞ്‌ ഇന്ധനം ചോര്‍ന്നു. അഞ്ചു മണിക്കൂര്‍ നീണ്ട കഠിന പ്രയത്‌നത്തിനൊടുവില്‍ അപകടഭീഷണി ഒഴിവാക്കി. അപകടത്തില്‍ രണ്ടു പേര്‍ക്ക്‌ പരുക്കേറ്റു.
എം.സി റോഡില്‍ വടക്കടത്തുകാവ്‌ നടയ്‌ക്കാവില്‍പ്പടി പാലത്തിന്‌ സമീപം ഇന്നലെ ഉച്ചയ്‌ക്ക്‌ 12.30നാണ്‌ അപകടം. കൊച്ചി അമ്പലമുകള്‍ ഐ.ഒ.സി. പ്ലാന്റില്‍നിന്നു തിരുവനന്തപുരം മണ്ണന്തലയിലേക്ക്‌ 12,000 ലിറ്റര്‍ പെട്രോളുമായി പോയ ടാങ്കറും അടൂരിലേക്ക്‌ വന്ന ഓമ്‌നി വാനുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. അപകടത്തെത്തുടര്‍ന്ന്‌ റോഡില്‍നിന്നു തെന്നിമാറിയ ടാങ്കര്‍ ലോറി സമീപത്തെ വീടിന്റെ മതിലും തകര്‍ത്ത്‌ മറിഞ്ഞു. ലോറി ൈഡ്രവര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ ചിറ്റാനിക്കര കടുക്കര്‍ത്തല വീട്ടില്‍ പ്രസാദ്‌ (47), ഓമ്‌നി വാന്‍ ൈഡ്രവര്‍ കൊട്ടാരക്കര പുത്തൂര്‍ ചിമ്പലയ്യത്ത്‌ ബാലചന്ദ്രന്‍ (58) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ടാങ്കര്‍ ലോറിയില്‍നിന്നും പെട്രോള്‍ റോഡിലേക്ക്‌ ചോരാന്‍ തുടങ്ങിയത്‌ ഭീതി പരത്തി.
ഫയര്‍ഫോഴ്‌സ്‌ സംഘം ഒരു കിലോമീറ്റര്‍ ചുറ്റളവ്‌ അപകട മേഖലയായി കണക്കാക്കി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വൈദ്യുതി ലൈനുകള്‍ ഓഫാക്കി. സമീപത്തുള്ള വീടുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പിന്നീട്‌ വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.
എം.സി. റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടു. സമീപ സ്‌ഥലങ്ങളില്‍നിന്നു കൂടുതല്‍ ഫയര്‍ ഫോഴ്‌സ്‌ യൂണിറ്റുകള്‍ സംഭവസ്‌ഥലത്തേക്കു വന്നു. വൈകിട്ട്‌ നാല്‌ മണിയോടെ നാല്‌ ക്രെയിന്‍, രണ്ട്‌ മണ്ണുമാന്തി എന്നിവ ഉപയോഗിച്ച്‌ കഠിന പ്രയത്‌നത്തിന്‌ ഒടുവിലാണ്‌ ലോറി ഉയര്‍ത്തിയത്‌.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കൊല്ലം ജില്ലാ മാനേജര്‍ സുനില്‍ സി. മാത്യു, പ്ലാന്റ്‌ മാനേജര്‍ സോമലത എന്നിവരുടെ നേതൃത്വത്തില്‍ പാരിപ്പള്ളി പ്ലാന്റില്‍നിന്ന്‌ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ വെഹക്കിള്‍ എത്തിച്ച്‌ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍നിന്നു പെട്രോള്‍ മറ്റു രണ്ടു വാഹനങ്ങളിലേക്ക്‌ പകര്‍ന്നു. അടൂര്‍, കൊട്ടാരക്കര, പത്തനംതിട്ട, ശാസ്‌താംകോട്ട, കോന്നി എന്നിവിടങ്ങളില്‍നിന്നായി 10 അഗ്‌നിശമന യൂണിറ്റുകളും ഫയര്‍ ഫോഴ്‌സ്‌ സിവില്‍ ഡിഫന്‍സ്‌ ടീമും സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം.പ്രതാപചന്ദ്രന്റെ നേതൃത്വത്തി ലായിരുന്നു പ്രവര്‍ത്തനം. ഡിവൈ.എസ്‌.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍, ഏനാത്ത്‌, കൊടുമണ്‍, പന്തളം സ്‌റ്റേഷനുകളിലും പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍നിന്നുമുള്ള വന്‍ പോലീസ്‌ സംഘവും സ്‌ഥലത്ത്‌ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here