സംസ്‌ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ . പാലക്കാട്‌ മുന്നില്‍

0



തേഞ്ഞിപ്പലം : സംസ്‌ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 66-ാമത്‌ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനു തുടക്കമായി.
രാവിലെ ആറിന്‌ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ അന്‍വര്‍ അമീന്‍ ചേലാട്ട്‌ പതാക ഉയര്‍ത്തിയതോടെയാണ്‌ ട്രാക്കുണര്‍ന്നത്‌. എല്ലാ ജില്ലകളേയും പ്രതിനിധീകരിച്ച്‌ രണ്ടായിരം അത്‌ലറ്റുകളാണു മാറ്റുരയ്‌ക്കുന്നത്‌. അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളിലായി 125 മത്സരയിനങ്ങളാണ്‌ നാലു ദിവസമായി നടക്കുക.
കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സി.എച്ച്‌. മുഹമ്മദ്‌ കോയ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ദിവസം 139 പോയിന്റുമായി പാലക്കാട്‌ ഒന്നാം സ്‌ഥാനത്തും 128 പോയിന്റുമായി എറണാകുളം രണ്ടാം സ്‌ഥാനത്തും 77 പോയിന്റുമായി കോഴിക്കോട്‌ മൂന്നാം സ്‌ഥാനത്തുമാണ്‌. 74.5 പോയിന്റ്‌ നേടിയ മലപ്പുറം നാലാമതാണ്‌. ഇന്നലെ ഒരു മീറ്റ്‌ റെക്കോഡ്‌ പിറന്നു. 5000 മീറ്റര്‍ ഓട്ടത്തില്‍ എറണാംകുളത്തിന്റെ ആന്‍സ്‌ മറിയ തോമസാണ്‌ റെക്കോഡ്‌ തകര്‍ത്തത്‌.
ഏഴ്‌ സ്വര്‍ണം, ഏഴ്‌ വെള്ളി, അഞ്ച്‌ വെങ്കലം എന്നിവയാണു പാലക്കാടിന്റെ നേട്ടം. എറണാകുളം 10 സ്വര്‍ണവും നാല്‌ വെള്ളിയും ആറ്‌ വെങ്കലവും നേടി. കോഴിക്കോട്‌ ആറ്‌ സ്വര്‍ണവും മൂന്ന്‌ വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തില്‍ രണ്ടാം സ്‌ഥാനത്തുള്ള ഇടുക്കി 14 പോയിന്റോടെ രണ്ടാം സ്‌ഥാനത്തും പതിനൊന്ന്‌ പോയന്റോടെ തിരുവനന്തപുരം മൂന്നാം സ്‌ഥാനത്താണ്‌.ഗേള്‍സ്‌ അണ്ടര്‍ 16 വിഭാഗത്തില്‍ 13 പോയിന്റോടെ എറണാകുളം ഒന്നാമതും 9 പോയന്റോടെ മലപ്പുറം രണ്ടാം സ്‌ഥാനത്തും എട്ട്‌ പോയന്റോടെ കോഴിക്കോട്‌ മൂന്നാം സ്‌ഥാനത്തുമാണ്‌.
വനിതകളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ 23 പോയിന്റ ലഭിച്ച പാലക്കാടിന്‌ ഒന്നാം സ്‌ഥാനവും 13 പോയിന്റ്‌ കിട്ടിയ തൃശൂരിന്‌ രണ്ടാം സ്‌ഥാനവും പന്ത്രണ്ട്‌ പോയിന്റ്‌ നേടിയ എറണാകുളത്തിന്‌ മൂന്നാം സ്‌ഥാനവുമാണ്‌.വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ 37 പോയിന്റോടെ എറണാകുളം ഒന്നാമതും 23 പോയന്റോടെ കോട്ടയം രണ്ടാമതും 21 പോയിന്റോടെ പാലക്കാട്‌ മൂന്നാമതുമെത്തി.
മെന്‍ അണ്ടര്‍ 20 വിഭാഗങ്ങളില്‍ 35 പോയന്റോടെ പാലക്കാട്‌ ആണ്‌ മുന്നില്‍. തൊട്ടു പിറകില്‍ 21 പോയന്റോടെ എറണാകുളവും 18 പോയന്റോടെ തിരുവനന്തപുരവുമുണ്ട്‌. മെന്‍ അണ്ടര്‍ 18 വിഭാഗങ്ങളില്‍ എര്‍ണാം കുളമാണ്‌ 21 പോയന്റോടെ മുന്നില്‍. 14 പോയന്റുള്ള പാലക്കാട്‌ രണ്ടാം സ്‌ഥാനത്തും 10 പോയന്റുള്ള മലപ്പുറം മൂന്നാം സ്‌ഥാനത്തുമുണ്ട്‌. ആണ്‍കുട്ടികളുടെ അണ്ടര്‍ 16 വിഭാഗങ്ങളില്‍ പാലക്കാടിന്‌ 15 പോയിന്റും മലപ്പുറത്തിന്‌ 12 പോയിന്റും കോഴിക്കോടിന്‌ 12 പോയിന്റും ലഭിച്ചു. അണ്ടര്‍ 14 വിഭാഗങ്ങളില്‍ 17.5 പോയിന്റ്‌ മലപ്പുറത്തിനും 17 പോയിന്റ്‌ എറണാകുളത്തിനും 17 പോയിന്റ്‌ പാലക്കാടിനും ലഭിച്ചു.

Leave a Reply