വിലക്ക്‌ മറികടന്ന്‌ ജോലിക്കുപോയി; ഭാര്യയെ ക്രൂരമായി മര്‍ദിച്ചു വീഡിയോ പകര്‍ത്തിയ യുവാവ്‌ അറസ്‌റ്റില്‍

0



മലയിന്‍കീഴ്‌(തിരുവനന്തപുരം): ജോലിക്ക്‌ പോകരുതെന്ന ഭര്‍ത്താവിന്റെ വിലക്ക്‌ ലംഘിച്ചതിന്റെ പേരില്‍ വീട്ടമ്മയ്‌ക്കു ക്രൂരമര്‍ദനം. പരാതിയെതുടര്‍ന്ന്‌ ഭര്‍ത്താവ്‌ പോലീസ്‌ അറസ്‌റ്റില്‍.
മലയിന്‍കീഴ്‌, മേപ്പുക്കട സ്വദേശി ദിലീപിനെയാണു പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സമീപത്തെ മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ ജീവനക്കാരിയായിരുന്നു രണ്ട്‌ മക്കളുടെ അമ്മയായ വീട്ടമ്മ. സാമ്പത്തിക പരാധീനതമൂലമാണ്‌ അവര്‍ ജോലിക്കുപോയത്‌. ഇത്‌ അംഗീകരിക്കാതെ ദിലീപ്‌ അവരെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനമേറ്റ്‌ യുവതിയുടെ മുഖം മുറിഞ്ഞു. രക്‌തംവാര്‍ന്നിട്ടും അയാള്‍ മര്‍ദനം തുടര്‍ന്നു. തുടര്‍ന്ന്‌ ഇനി ജോലിക്ക്‌ പോകില്ലെന്ന്‌ യുവതിയെ കൊണ്ട്‌ പറയിക്കുന്ന വീഡിയോയും റെക്കോഡ്‌ ചെയ്‌തു. ഇനി ജോലിക്ക്‌ പോകരുതെന്ന്‌ ദിലീപ്‌ ആവശ്യപ്പെടുന്നതും അതനുസരിച്ചു പോകില്ലെന്ന്‌ യുവതി പറയുന്നതും വീഡിയോയിലുണ്ട്‌. ജോലിക്ക്‌ പോയില്ലെങ്കില്‍ മക്കള്‍ പട്ടിണിയിലാകുമെന്നും അതുകൊണ്ടാണ്‌ മാര്‍ജിന്‍ഫ്രീ ഷോപ്പില്‍ പോകുന്നതെന്നും യുവതി പറയുന്നുണ്ട്‌. മര്‍ദനത്തിന്റെ വിവരങ്ങള്‍ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ഇവരില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ്‌ മലയിന്‍കീഴ്‌ പോലീസ്‌ ഇടപെട്ടത്‌. ദിലീപിനെ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഭാര്യയെ മര്‍ദിച്ച്‌ ചിത്രീകരിച്ച വീഡിയോ ദിലീപിന്റെ ഫോണില്‍നിന്നു പോലീസ്‌ കണ്ടെടുത്തു. തുടര്‍ന്ന്‌ വധശ്രമം ചുമത്തി ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌. പ്രണയിച്ച്‌ വിവാഹിതരായതാണ്‌ ദിലീപും യുവതിയും.

LEAVE A REPLY

Please enter your comment!
Please enter your name here