മത-സന്നദ്ധ സംഘടനകള്‍ ഭൂമി കൈയേറുന്നത്‌ ജനാധിപത്യവിരുദ്ധം: ഹൈക്കോടതി

0


കൊച്ചി: മതസംഘടനകളും സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഭൂമി കൈയേറുന്നത്‌ ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നുവെന്നു ഹൈക്കോടതി. സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണമെന്നും നിരീക്ഷണം. കൈയേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.
ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും വനം, റവന്യൂ വകുപ്പുകളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഭൂമി സംഘടനകള്‍ കൈയേറിയിട്ടുണ്ടോയെന്ന്‌ അന്വേഷിക്കണം. പല ഭൂമി ഇടപാടുകളും സംശയാസ്‌പദമാണ്‌. കര്‍ദിനാള്‍ ഉള്‍പ്പെട്ട സഭ ഭൂമി ഇടപാട്‌ കേസിലെ ഹര്‍ജിയിലാണു കോടതി നിരീക്ഷണം.
സംസ്‌ഥാനത്തെ ഭൂമി കൈയേറ്റങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായാണു പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാരിന്റെ ഭൂമി കൈയേറാന്‍ പോലും സംസ്‌ഥാനത്ത്‌ അനുകൂല സാഹചര്യമുണ്ടായി. സാമുദായിക സംഘടനകളും മറ്റും കയ്യേറിയ ഭൂമിക്ക്‌ പട്ടയം നേടുന്നത്‌ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നു ജസ്‌റ്റിസ്‌ പി. സോമരാജന്‍ നിരീക്ഷിച്ചു.കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ൈൈകയേറ്റങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കേണത്‌ ഭരണഘടനാ പരമായ ബാധ്യതയുണ്ട്‌. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി രൂപീകരിക്കണം. ഓരോ ജില്ലയിലും ജില്ലാ കലക്‌ടറുടെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലാ തല സംവിധാനം രൂപീകരിക്കണം. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here