കാന്താരി ബാറിൽ വെടിയുതിർത്ത കേസ്; റോജനും അഭിഭാഷകനുമെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

0

കൊച്ചി: ബാറിൽ വെടിയുതിർത്ത സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്ത് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോജൻ, സുഹൃത്തും അഭിഭാഷകനുമായ ഹറോൾഡ് ജോസഫ് എന്നിവരാണ് പിടിയിലായത്. വധശ്രമത്തിനും അനുമതി ഇല്ലാതെ തോക്ക് ഉപയോഗിച്ചതിനുമാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാറിലാണ് വെടിയുതിർത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ രണ്ടുപേർ മദ്യപിച്ചതിന്റെ പണം നൽകിയശേഷം തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

പിന്നീട് ഇവർ ഓട്ടോറിക്ഷയിൽ കയറി പോയി. ഒരു പ്രകോപനവുമില്ലാതെയാണ് വെടിവെച്ചതെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി. പിന്നീട് ഒന്നാം പ്രതിയെ എഴുപുന്നയിലെ വാടക വീട്ടിൽ നിന്നും രണ്ടാം പ്രതിയായ അഭിഭാഷകനെ ആലപ്പുഴ അർത്തുങ്കൽ ഉള്ള അഭിഭാഷകന്റെ ഭാര്യ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

അർധരാത്രിയോടെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. പകൽ നടന്ന സംഭവം രാത്രി ഏഴ് മണിയോടെയാണ് ബാർ അധികൃതർ അറിയിച്ചതെന്ന് പറഞ്ഞ പൊലീസ്, ബാർ താൽക്കാലികമായി അടക്കാൻ നിർദേശിച്ചിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വെടിയുതിർത്തവരെ തിരിച്ചറിയുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

എറണാകുളം എ.സി.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ മരട് എസ്.എച്ച്.ഒ സനൽ, എസ്.ഐമാരായ റിജിൻ.എം. താമസ്, സൈജു, എസ്.സി.പി.ഒമാരായ വിനോദ്, അരുൺ രാജ്, സബീർകുട്ടി എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here