കൊലക്കേസ് ഒന്നുമല്ലല്ലോ? പ്രതിയാണെന്ന് എങ്ങനെ അറിയാം?’ കെഎസ്ആർടിസി കണ്ടക്ടറെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുക്കാതെ കേരള പൊലീസ്

0

സുൽത്താൻബത്തേരി: കെഎസ്ആർടിസി സ്കാനിയ ബസിലെ കണ്ടക്ടറെ ആക്രമിച്ചയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറാകാതെ ബത്തേരി പൊലീസ്. കഴിഞ്ഞ ദിവസമാണ് ബാം​ഗ്ലൂർ – തിരുവനന്തപുരം സ്കാനിയ ബസിലെ യാത്രക്കാരൻ മദ്യലഹരിയിൽ കണ്ടക്ടറെ ആക്രമിച്ചത്. തുടർന്ന് ബസ് നേരേ ബത്തേരി പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ബത്തേരി പൊലീസ് തയ്യാറായില്ല. മൈസൂരിലാണ് സംഭവം നടന്നതെന്നും അതുകൊണ്ട് പരാതി കൊടുക്കേണ്ടത് മൈസൂർ പൊലീസ് സ്റ്റേഷനിലാണെന്നുമുള്ള നിലപാടിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനോ കേസ് രജിസ്റ്റർ ചെയ്യാനോ ബത്തേരി പൊലീസ് തയ്യാറാകാതിരുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവം. മം​ഗളുരുവിൽ നിന്നും ബസിൽ കയറിയ യാത്രക്കാരനോ‌ട് കണ്ടക്ടർ ടിക്കറ്റ് ചോദിച്ചതോടെയാണ് മദ്യലഹരിയിലായിരുന്നയാൾ അക്രമാസക്തനായത്. ഇയാൾ കണ്ടക്ടറെ തല്ലിയതോടെ ബസ് ഏറ്റവും അടുത്തുള്ള ബത്തേരി സ്റ്റേഷനിലേക്ക് കയറ്റുകയും കാര്യം പറയുകയുമായിരുന്നു. എന്നാൽ, നിങ്ങൾ പരാതി മൈസൂർ പൊലീസിന് നൽകൂ എന്നായിരുന്നു ഇവിടെ സ്റ്റേഷൻ ചാർജ്ജുണ്ടായിരുന്ന രമേശൻ എന്ന പൊലീസുകാരന്റെ നിലപാട്.

പ്രതിയെ കസ്റ്റഡിയിലെടുക്കൂ, തങ്ങൾ മൈസൂർ പൊലീസിൽ പരാതി നൽകാം എന്നും പ്രതിയെ അങ്ങോട്ട് കൈമാറിയാൽ മതിയെന്നും കെഎസ്ആർടിസി കൺട്രോൾ റൂം ഇൻസ്പെക്ടർ ഫോണിൽ വിളിച്ചറിയിച്ചിട്ടും അതിനും ബത്തേരി പൊലീസ് തയ്യാറായില്ല. കൊലക്കേസ് ഒന്നുമല്ലലോ എന്നായിരുന്നു സ്റ്റേഷൻ ഇൻചാർജ്ജിന്റെ മറുപടി. പരാതിക്കാരില്ല, പ്രതിയാണെന്ന് എങ്ങനെ ഉറപ്പിക്കും തുടങ്ങിയ ചോ​ദ്യങ്ങളും ഈ പൊലീസുകാരൻ കെഎസ്ആർടിസി ഇൻസ്പെക്ടറോട് ചോദിക്കുന്നുണ്ടായിരുന്നു.

ഡ്യൂട്ടിയിലിരിക്കുന്ന ജീവനക്കാരനെ ആക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നിയമമുള്ള നാട്ടിലാണ് കെഎസ്ആർടിസി ജീവനക്കാരനെ ആക്രമിച്ചയാളെ കസ്റ്റഡിയിലെടുക്കാൻ പോലും ബത്തേരി പൊലീസ് തയ്യാറാകാതിരുന്നത്. പ്രതിയുടെ ഉന്നത സ്വാധീനമാണോ ഇതിന് കാരണമെന്നാണ് ബസിലെ മറ്റ് യാത്രക്കാരും ചോദിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here