സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും ആദിവാസി സ്ത്രീ കഴിഞ്ഞത് സ്വന്തം കുടിക്കുള്ളിൽ

0

സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിട്ടും ആദിവാസി സ്ത്രീ കഴിഞ്ഞത് സ്വന്തം കുടിക്കുള്ളിൽ. ആശുപത്രിയിൽ പോകാൻ ആരും സഹായിക്കാതെ വന്നതോടെ കടുത്ത വേദനയിൽ നിലവിളിച്ചു കൊണ്ടാണ് ഈ സ്ത്രീ വീട്ടിൽ കഴിഞ്ഞത്. ഒടുവിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു മറയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും കാൻസർ ചികിത്സയ്ക്കായി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകാനായിട്ടില്ല.

മറയൂർ ചമ്പക്കാട് കുടിയിലെ 52 വയസ്സുള്ള വീട്ടമ്മയാണ് അർബുദം ബാധിച്ച് അവശനിലയിലായത്. ഇവർ ഒരു വർഷത്തോളം തമിഴ്‌നാട്ടിലും കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി അവശ നിലയിലായിരുന്നു. രോഗം മൂർച്ഛിച്ച് നിലവിളിക്കുന്ന സ്ഥിതിയിലാണ് ഇവരെ സ്വന്തം വീട്ടിൽ നിന്നും ആശുപത്രിയിലെത്തിച്ചത്. രോഗം ഗുരുതരമായി വീട്ടമ്മ നിലവിളിക്കുന്നതു കേട്ട് അയൽവീട്ടുകാർ അധികൃതരെയും മന്ത്രിയുടെ ഓഫിസിലും അറിയിക്കുകയായിരുന്നു. തുടർന്ന് പട്ടിക വർഗ വികസന വകുപ്പ് ജില്ല ഓഫിസർ നജീമിന്റെ നേതൃത്വത്തിലുള്ള സംഘം കുടിയിലെത്തി മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

അതേസമയം രോഗിക്കു ചികിത്സ നൽകാൻ മക്കൾ തയാറായില്ലെന്നും ആശുപത്രിയിലേക്കു മാറ്റുന്നതിൽ കുടുംബാംഗങ്ങളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെന്നും ആരോപണമുണ്ട്. ചികിത്സ മുടക്കിയാൽ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയതോടെയാണ് അവർ വഴങ്ങിയതെന്നും പറയുന്നു.

വിദഗ്ധ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു റഫർ ചെയ്‌തെങ്കിലും കൂടെപ്പോകാൻ ആളില്ലാത്തതിനാൽ മറയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തുടരുകയാണ്. ഇവിടെ കിടത്തി ചികിത്സയ്ക്കും പരിചരണത്തിനും സൗകര്യമില്ല. ഭർത്താവ് മാത്രമാണ് കൂടെയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here