ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. സമ്മര്‍ദം ചെലുത്തിയെന്ന്‌ സിസോദിയ

0



ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി വിട്ട്‌ ബി.ജെ.പിയില്‍ ചേരാന്‍ സി.ബി.ഐ. തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ. അഴിമതിക്കേസില്‍ സി.ബി.ഐയുടെ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ടാണു സിസോദിയയെ സി.ബി.ഐ. ചോദ്യംചെയ്‌തത്‌. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രിപദം വരെ ലഭിക്കുമെന്ന്‌ ഒരു ഉദ്യോഗസ്‌ഥന്‍ പറഞ്ഞതായി സിസോദിയ പറഞ്ഞു. അഴിമതിയല്ല സി.ബി.ഐ. അന്വേഷിക്കുന്നത്‌. ഓപ്പറേഷന്‍ താമര വിജയിപ്പിക്കാനാണ്‌ അവര്‍ നാടകം കളിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡ നടപ്പാക്കാനാണു സി.ബി.ഐ. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിസോദിയ കുറ്റവിമുക്‌തനാകുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും പ്രതികരിച്ചു. ജയിലിന്റെ പൂട്ടുകള്‍ തകരും, മനീഷ്‌ സിസോദിയ സ്വതന്ത്രനാകും – അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.
തന്നെ തടവിലാക്കാനാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭഗത്‌ സിങ്ങിന്റെ അനുയായിയായ തനിക്ക്‌ ജയിലില്‍ പോകാന്‍ ഭയമില്ലെന്നും കെജ്‌രിവാള്‍ പങ്കുവച്ച വീഡിയോക്ല ിപ്പില്‍ മനീഷ്‌ സിസോദിയ പറയുന്നു.
“അവര്‍ എന്റെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി. അതിലൂടെ ഒന്നും പുറത്തുവന്നില്ല. എന്തെങ്കിലും കണ്ടെത്താനായി പിന്നീടവര്‍ എന്റെ ഗ്രാമത്തിലേക്കു പോയി. അവിടെയും ഒന്നും ലഭിച്ചില്ല. ഗുജറാത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്ന്‌ മാറ്റിനിര്‍ത്താന്‍വേണ്ടിയാണ്‌ എന്നെ അറസ്‌റ്റ്‌ ചെയ്യാന്‍ അവരിപ്പോള്‍ പദ്ധതിയിടുന്നത്‌. സി.ബി.ഐയെയും ഇ.ഡിയെയും എനിക്കു ഭയമില്ല. ജയിലിലേക്കു പോകാനും പേടിയില്ല.” – സിസോദിയ തുടര്‍ന്നു.
തുറന്ന എസ്‌.യു.വി. വാഹനത്തില്‍ റോഡ്‌ഷോ നടത്തിയാണ്‌ സി.ബി.ഐ. ഓഫീസിലേക്ക്‌ സിസോദിയ യാത്രയായത്‌. ഗാന്ധിജിയുടെ സ്‌മാരകമായ രാജ്‌ഘട്ട്‌ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ വാഹനം നിര്‍ത്തി ആം ആദ്‌മി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്‌തു. എന്നാല്‍ അഴിമതിക്ക്‌ ലോകകപ്പ്‌ നേടിയതുപോലെയായിരുന്നു സിസോദിയയുടെ റോഡ്‌ഷോയെന്ന്‌ ബി.ജെ.പി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here