എം ശിവശങ്കറിന് സിബിഐ നോട്ടീസ്; നാളെ ചോദ്യം ചെയ്യും

0

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സിബിഐ നോട്ടീസ്. നാളെ രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിന് സിബിഐ നോട്ടീസ് നൽകി.

ലൈഫ് മിഷൻ കേസ് രണ്ടുവർഷം മുൻപാണ് സിബിഐയുടെ മുന്നിൽ എത്തുന്നത്. സ്വപ്‌ന സുരേഷ് ഉൾപ്പെട്ട തിരുവനന്തപുരം സ്വർണക്കടത്ത് കേസിന്റെ ഭാഗമായാണ് ലൈഫ് മിഷൻ കേസും വന്നത്. ശിവശങ്കറിനെതിരെ കസ്റ്റംസ് നൽകിയ കുറ്റപത്രമായിരിക്കും നാളത്തെ സിബിഐയുടെ ചോദ്യം ചെയ്യലിന് അടിസ്ഥാനമാകുക എന്നാണ് റിപ്പോർട്ടുകൾ.(cbi will question m sivasankar)

ലൈഫ് മിഷൻ കരാറിലെ വഴിവിട്ട നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് ശിവശങ്കറായിരുന്നു എന്നാണ് കസ്റ്റംസിന്റെ കുറ്റപത്രത്തിൽ പറയുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാർ യൂണിടാക്കിന് നൽകിയത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നു. സ്വപ്‌നയുടെ ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേസിൽ രണ്ടുവർഷം മുൻപ് ലൈഫ് മിഷൻ സിഇഒയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെതിരെ ലൈഫ് മിഷനും സിഇഒയും നൽകിയ ഹർജിയിൽ ഹൈക്കോടതി അന്വേഷണം തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയും കേസിൽ അന്വേഷണം തുടരട്ടെ എന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here