വീണ്ടും പക്ഷിപ്പനി , താറാവ്‌ കര്‍ഷകര്‍ക്കും ടൂറിസം മേഖലയ്‌ക്കും കനത്ത തിരിച്ചടി

0


ആലപ്പുഴ : താറാവ്‌ കര്‍ഷകരുടെ ഏറ്റവും വലിയ സീസണിന്‌ മുന്നോടിയായി ഇത്തവണയും പക്ഷിപ്പനി. ടൂറിസം മേഖലയ്‌ക്കും തിരിച്ചടി. ക്രിസ്‌മസ്‌-പുതുവത്സര വിപണി ലക്ഷ്യമിട്ട്‌ വിപുലമായി താറാവ്‌ കൃഷി നടത്തി വന്നവരെയാണ്‌ ഇത്തവണയും പക്ഷിപ്പനി ബാധ ചതിച്ചത്‌.
2014 മുതലാണ്‌ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ താറാവ്‌ കര്‍ഷകര്‍ക്ക്‌ പക്ഷിപ്പനി ബാധ ഭീഷണിയായി തുടങ്ങിയത്‌. 2014ലും 2016ലും രോഗബാധയെ തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ താറാവുകള്‍ ചത്തൊടുങ്ങുകയും മറ്റുള്ളവയെ കൊന്നൊടുക്കുകയും ചെയ്‌തിരുന്നു.
2016ല്‍ നാശം വിതച്ച എച്ച്‌5 എന്‍8 വിഭാഗത്തില്‍പ്പെട്ട വൈറസ്‌ കഴിഞ്ഞ വര്‍ഷവും വ്യാപകമായി കണ്ടെത്തി. കോവിഡ്‌ മാന്ദ്യകാലത്തിനു ശേഷം ഉണര്‍ന്നു വന്ന താറാവ്‌ കര്‍ഷകര്‍ക്ക്‌ ഇത്‌ വന്‍ തിരിച്ചടിയായിരുന്നു. ഇത്തവണ 2014നേതിനു സമാനമായി എച്ച്‌5 എന്‍ 1 വൈറസിന്റെ സാന്നിധ്യമാണ്‌ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്‌.2014ല്‍ കുട്ടനാട്ടില്‍ രോഗബാധ കണ്ടെത്തിയ മേഖലയ്‌ക്ക്‌ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂന്നുലക്ഷം താറാവുകളേയും രണ്ടരലക്ഷം മുട്ടകളും 4700 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. 2016ല്‍ ആറുലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കി.
കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും ഹാച്ചറികളില്‍ നിന്നു വിരിയിച്ച ചാര, ചെമ്പല്ലി ഇനത്തിലുള്ള പതിനായിരക്കണക്കിന്‌ താറാവുകളെയാണ്‌ ക്രിസ്‌മസ്‌ വിപണി ലക്ഷ്യമിട്ട്‌ വളര്‍ത്തി വന്നിരുന്നത്‌. മൂന്നു മാസം കൊണ്ടാണ്‌ താറാവിന്‍ കുഞ്ഞുങ്ങള്‍ വില്‍പനയ്‌ക്കായി സജ്‌ജമാകുന്നത്‌. അതിനാണ്‌ ഇത്തവണയും തിരിച്ചടിയായിരിക്കുന്നത്‌.
നഷ്‌ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ്‌ ഇനി കര്‍ഷകര്‍ക്ക്‌ ബാക്കിയായുള്ളത്‌. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറുനാടുകളിലേക്ക്‌ എത്തുന്നത്‌ വിനോദ സഞ്ചാരമേഖലയ്‌ക്കും ഭീഷണിയാണ്‌. മുന്‍കാലങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌ത ഘട്ടങ്ങളിലൊക്കെ വിദേശവിനോദ സഞ്ചാരികളുടെ വരവിലും കുറവുണ്ടായിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here