കെ എം ബഷീറിന്റെ അപകടമരണം; ശ്രീറാമിനും വഫയ്ക്കുമെതിരെയുള്ള കൊലക്കുറ്റം ഒഴിവാക്കി കോടതി

0

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതൽ ഹർജികളിൽ ഇരുവരുടെയും ആവശ്യം. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താൻ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം മുന്നോട്ടുവച്ചത്.

അതേസമയം ശ്രീറാം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു. മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാൻ രക്ത സാംപിളുകൾ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാൽ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിൾ എടുക്കാൻ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങൾ ശ്രീറാം വെങ്കിട്ടരാമന്റെ ഭാഗത്ത് നിന്നുമുണ്ടായി. താനല്ല വഫ ഫിറോസാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ആദ്യം പൊലീസിന് നൽകിയ മൊഴി. അതും തെളിവ് നശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസുമായി ബന്ധപ്പെട്ട യഥാർത്ഥ കാരണങ്ങൾ പുറത്തുവരാൻ കൃത്യമായ വിചാരണ നടക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here