എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീം ലീ​ഗാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണയോടെ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടെന്നും ആരോപണം

0

മലപ്പുറം: എസ് ഡി പി ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്ലീം ലീ​ഗാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാൻ തീവ്രസംഘടനകളെ കൂട്ടു പിടിച്ച സിപിഎം നേതൃത്വമാണിപ്പോൾ ലീഗുമായി പോപ്പുലർ ഫ്രണ്ടിനെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻറെ സംരക്ഷകർ മുസ്ലീം ലീഗാണന്ന എംവി ജയരാജൻറെ പ്രസ്താവനക്കുള്ള മറുപടിയായി ഒരു വാർത്താചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീഗിനെതിരെ തീവ്രനിലപാടുളളവരെ ഒരേ വേദിയിൽ എത്തിച്ചത് സിപിഎം ആണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആർഎസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേർത്തു നിർത്തി രാഷ്ട്രീയ ഐക്യമുണ്ടാക്കിയവരാണ് തീവ്രസ്വഭാവമുളള സംഘടനകളുടെ വളർച്ചയ്ക്ക് വളം നൽകി ഒപ്പം നിന്നത്.

ലീഗിനെ ഇല്ലാതാക്കാമെന്ന് സ്വപ്നം കണ്ട് ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ ഈ സംഘടനകളുടെ സഹായം ആവശ്യമുളളപ്പോൾ സ്വീകരിക്കുകയും തിരിച്ചു സഹായിക്കുകയും ചെയ്തത് സിപിഎമ്മും ഇടതുപാർട്ടികളുമാണ്. പോപ്പുലർ ഫ്രണ്ടിൻറെ പിന്തുണയോടെ ഇടതുപക്ഷം ഭരണം നടത്തുന്ന തദ്ദേശസ്ഥാപനങ്ങളുണ്ട്. രാഷ്ട്രീയമായി ലീഗ് ഏറ്റവും ക്ഷീണിച്ച ഘട്ടങ്ങളിൽ പോലും തീവ്രസ്വഭാവമുളള സംഘടനകളുടെ സഹായം സ്വീകരിച്ചിട്ടില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഇന്നു മുതൽ നടത്തുന്ന ഗൾഫ് പര്യടനം തീവ്ര സ്വഭാവമുളള സംഘടനകൾക്കെതിരെയുളള ക്യാംപയിൻ ആയിരിക്കുമെന്നും പികെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here