പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം

0

ന്യുഡല്‍ഹി: രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം. തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറും പ്രതിപക്ഷത്തിന്റെ മാര്‍ഗറെറ്റ് ആല്‍വയും തമ്മിലാണ് മത്സരം.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ പാര്‍ലമെന്റ് ഹൗസിലാണ് വോട്ടെടുപ്പ്. വൈകുന്നേരത്തിനു ശേഷം വോട്ടെണ്ണലും ഫലപ്രഖ്യാപനവുമുണ്ടാകും.

ലോക്‌സഭയിലെ 543 എം.പിമാരും രാജ്യസഭയിലെ 245 പേരും ഉള്‍പ്പെടെ 788 പേര്‍ക്കാണ് വോട്ടവകാശം. രാജ്യസഭയിലെ എട്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 36 എം.പിമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് സൂചന. 744 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് കരുതുന്നു.

പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍ഖര്‍. 527 വോട്ടുകള്‍ ഇദ്ദേഹത്തിന് ലഭിക്കുമെന്നാണ് കരുതുന്നത്. 372 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. ആകെ വോട്ടില്‍ 70 ശതമാനം വരുമിത്. നിലവിലെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് ലഭിച്ചതിനേക്കാള്‍ രണ്ട് ശതമാനത്തില്‍ കൂടുതല്‍ വോട്ട് വരും.

എന്‍ഡിഎയ്ക്ക് 441 എം.പിമാരാണുള്ളത്. ഇതില്‍ 394 പേര്‍ ബി.ജെ.പി അംഗങ്ങളാണ്. അഞ്ച് നോമിനേറ്റഡ് അംഗങ്ങളും ജഗ്ദീപ് ധന്‍ഖറെ പിന്തുണയ്ക്കും. ഇന്നലെ എന്‍ഡിഎയുടെ ഡമ്മി വോട്ടിംഗ് നടന്നിരുന്നു.
കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയ്ക്ക് 26% വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 200 വോട്ട്്. കോണ്‍ഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, തെലങ്കാന രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, സിപിഎം, സിപിഐ തുടങ്ങിയവരുടെ പിന്തുണ ആല്‍വയ്ക്കായിരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ ഗാന്ധി 32% വോട്ട് നേടിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേരിനു നേര്‍ക്ക് മുന്‍ഗണന രേഖപ്പെടുത്തുകയാണ് വോട്ടര്‍മാര്‍ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here