ആ മൃതദേഹം ദീപക്കിന്റേതല്ല, സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയി വിലപേശിയ ഇര്‍ഷാദിന്റേത്; ഇര്‍ഷാദിനെ കൊന്നതെന്നു പോലീസും ബന്ധുക്കളും, ദീപക്കിന്റെ തിരോധാനം ദുരൂഹത

0

തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നു കണ്ടെത്തി സംസ്‌കരിച്ച മൃതദേഹം, സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദി(26)ന്റേതാണെന്ന് അനേ്വഷണസംഘം സ്ഥിരീകരിച്ചു. ജൂണ്‍ ആറിനു കാണാതായ മേപ്പയ്യൂര്‍ കൂനംവെള്ളികാവ് വടക്കേടത്തുകണ്ടി ദീപക്കിന്റേതാണ് മൃതദേഹമെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്.
ഡി.എന്‍.എ. പരിശോധനയില്‍ മൃതദേഹം ദീപക്കിന്റേതല്ലെന്നു തെളിഞ്ഞു. തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡി.എന്‍.എ. പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്.
ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു ബോധ്യമായെങ്കിലും കാണാതായ ദീപക് എവിടെയെന്നു കണ്ടെത്തേണ്ടതുണ്ട്. ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് എന്തിനെന്നും സ്വര്‍ണക്കടത്ത് സംഘത്തലവന്‍ എവിടെയെന്നതും അടക്കമുള്ള വിഷയങ്ങളില്‍ ഉത്തരം കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല.
കഴിഞ്ഞ 17 നാണ് കടപ്പുറത്തുനിന്നു മൃതദേഹം കണ്ടെത്തിയത്. ഇര്‍ഷാദും ദീപക്കും തമ്മിലുള്ള രൂപസാദൃശ്യവും മൃതദേഹം പരുക്കേറ്റ് അഴകിയതും തിരിച്ചറിയലിനു പ്രയാസമായി. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയശേഷം പലയിടങ്ങളിലായി പാര്‍പ്പിച്ച് ഇര്‍ഷാദിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
യാത്രയ്ക്കിടെ ഇര്‍ഷാദ് സംസ്ഥാന പാതയില്‍ പുറക്കാട്ടേരി പാലത്തിനു മുകളില്‍നിന്നു പുഴയിലേക്കു ചാടിയെന്നാണ് അറസ്റ്റിലായവര്‍ മൊഴിനല്‍കിയത്. വിദേശത്തുനിന്നു കൊടുത്തുവിട്ട സ്വര്‍ണം െകെമാറാതെ കബളിപ്പിച്ച ഇര്‍ഷാദിനെ തട്ടികൊണ്ടുപോയെന്നും തടവില്‍ പാര്‍പ്പിച്ചിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാന്‍ കൊണ്ടുപോകുന്നതിനിടെ പുഴയിലേക്കു ചാടിയെന്നുമാണ് മൊഴി. എന്നാല്‍, കൊലപ്പെടുത്തിയശേഷം പുഴയില്‍ തള്ളിയതാകുമെന്ന നിഗമനത്തിലാണ് അനേ്വഷണസംഘം. ഇര്‍ഷാദിനു നന്നായി നീന്തലറിയാമെന്നും ചാടിയാല്‍തന്നെ പുഴയില്‍ അകപ്പെട്ടു മരിക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 15ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് പ്രതികളുടെ മൊഴി.
മേയ് 13 നു ദുബായില്‍നിന്നു നാട്ടിലെത്തിയ ഇര്‍ഷാദ് മൂന്നു ദിവസം കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല. തുടര്‍ന്നു കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇര്‍ഷാദ് 17 നു കോടതിയില്‍ ഹാജരായി. അതിനുശേഷം വയനാട്ടിലേക്കു പോയ മകനെ പിന്നീടു കണ്ടില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വയനാട്ടില്‍ ഇര്‍ഷാദ് താമസിച്ച ലോഡ്ജ് മുറി കഴിഞ്ഞ മാസം നാലിന് ഒഴിഞ്ഞതായും വ്യക്തമായിട്ടുണ്ട്. പിന്നീട് ഇര്‍ഷാദിന്റെ യാത്ര എവിടേക്കായിരുന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല.
അതിനിടെ കഴിഞ്ഞ മാസം എട്ടിന്, മകന്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിദേശത്തുനിന്ന് കൊടുത്തയച്ച സ്വര്‍ണം കിട്ടാതെ വിട്ടയയ്ക്കില്ലെന്നും സ്വര്‍ണക്കടത്ത് സംഘം വീട്ടിലേക്കു ഫോണില്‍ അറിയിച്ചു. ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ഫോട്ടോയും അടുത്ത ദിവസം ഫോണില്‍ അയച്ചുനല്‍കി. തുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. പേരാമ്പ്ര എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അനേ്വഷിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here