പാൽ വില വർധിപ്പിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ എം.ടി. ജയൻ

0

കൊച്ചി: പാൽ വില വർധിപ്പിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്ന് മിൽമ എറണാകുളം മേഖല ചെയർമാൻ എം.ടി. ജയൻ. എറണാകുളം പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപാദനച്ചെലവിന് അനുസൃതമായി വില കിട്ടാതെ ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്.

പാൽ സംഭരണ വില ഒരു ലിറ്ററിന് ആറു രൂപയെങ്കിലും വർധിപ്പിക്കണമെന്ന് സംസ്ഥാന ക്ഷീര വിപണന ഫെഡറേഷനോട് മേഖല യൂനിയൻ ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ഉൽപാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് അഗ്രികൾചർ, വെറ്ററിനറി യൂനിവേഴ്സിറ്റിയിലെ ഓരോ വിദഗ്ധനെ വീതം ചുമതലപ്പെടുത്താൻ ഫെഡറേഷൻ ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.

കർണാടക, തമിഴ്നാട് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനുകളിൽനിന്ന് ആവശ്യത്തിന് പാൽ എത്തിച്ച് ക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ തിരുവോണ ദിനം വരെ എറണാകുളം മേഖല യൂനിയന്‍റെ പ്രവർത്തന പരിധിയിൽ വരുന്ന ജില്ലകളിലെ 900ൽപരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിൽനിന്ന് സംഭരിക്കുന്ന പാൽ ലിറ്ററിന് രണ്ടുരൂപ വീതം കർഷകർക്കുള്ള ഓണസമ്മാനമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഈ ഇനത്തിൽ ഒരുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡന്‍റ് എം.ആര്‍. ഹരികുമാര്‍, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

Leave a Reply