ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റ്‌ , ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക്‌ കേരളത്തില്‍ ജി.എസ്‌.ടി. ഈടാക്കില്ല: മുഖ്യമന്ത്രി

0

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങള്‍ക്കു പുതുതായി ഏര്‍പ്പെടുത്തിയ ജി.എസ്‌.ടി. സംസ്‌ഥാനത്ത്‌ ഈടാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പ്പാദകരും പായ്‌ക്ക്‌ ചെയ്‌തു വില്‍ക്കുന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജി.എസ്‌.ടി. വര്‍ധിപ്പിച്ച തീരുമാനവും സംസ്‌ഥാനത്തു നടപ്പാക്കില്ലെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഈ വര്‍ഷവും സംസ്‌ഥാന സര്‍ക്കാര്‍ ഓണത്തിനു സൗജന്യ ഭക്ഷ്യക്കിറ്റ്‌ നല്‍കും. 14 ഇനങ്ങളടങ്ങിയതാകും കിറ്റ്‌. 425 കോടിയുടെ ചെലവാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ 13 തവണ കിറ്റ്‌ വിതരണം നടത്തി. 5,500 കോടിയുടെ ചെലവാണുണ്ടായത്‌.
അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്‌ക്കു കാരണമാകുന്ന ജി.എസ.്‌ടി. നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്‌ക്കും സംസ്‌ഥാനം എതിരാണ്‌.
നിത്യോപയോഗ സാധനങ്ങളുടെയല്ല, ആഡംബര സാധനങ്ങളുടെ നികുതിയാണ്‌ വര്‍ധിപ്പിക്കേണ്ടത്‌ എന്നാണു കേരളത്തിന്റെ നിലപാട്‌്. ജി.എസ്‌.ടി കൗണ്‍സില്‍ യോഗങ്ങളിലും ജി.എസ്‌.ടി. നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. കേരളത്തിന്റെ പശ്‌ചാത്തല സൗകര്യവികസന, സാമൂഹ്യക്ഷേമ നടപടികളെ തകര്‍ക്കാനുള്ള ശ്രമമാണ്‌ വായ്‌പാപരിധി വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര നടപടികള്‍.-മുഖ്യമന്ത്രി പറഞ്ഞു.

‘ജലീല്‍ കത്തയച്ചത്‌ ശരിയായില്ല’

തിരുവനന്തപുരം: ഒരു മാധ്യമത്തിനെതിരേ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍ കത്തയച്ചെങ്കില്‍ അതു ശരിയായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ജലീലുമായി വിഷയം ഇതുവരെ സംസാരിച്ചിട്ടില്ല. നേരിട്ടു കണ്ടിട്ടുമില്ല. നേരിട്ടു കാണുമ്പോള്‍ സംസാരിക്കാനിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്‌ബിയുടെ വായ്‌പ സര്‍ക്കാരിന്റെ കടമെന്ന വ്യാഖ്യാനം തെറ്റ്‌

തിരുവനന്തപുരം: കിഫ്‌ബിയുടെ വായ്‌പ സര്‍ക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത്‌ തെറ്റാണെന്ന്‌ മുഖ്യമന്ത്രി. ഇത്‌ ഭരണഘടനയുടെ അനുചേ്‌ഛദം 293 ന്‌ വിരുദ്ധമാണെന്നും സംസ്‌ഥാനത്തിന്റെ വായ്‌പാപരിധിക്ക്‌ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കമാണ്‌ കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്‌ഥാനം വായ്‌പക്ക്‌ ഗ്യാരന്റി നില്‍കുക മാത്രമാണ്‌ ചെയ്യുന്നത്‌. വായ്‌പാ പരിധി കുറയ്‌ക്കുന്നത്‌ സാമൂഹിക പദ്ധതികളെ ബാധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന്‌ 7000 കോടിയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. സംരംഭകരുടെ പരാതിയില്‍ അതിവേഗം നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ലോകത്തെ പ്രധാന സ്‌റ്റാര്‍ട്ടപ്പ്‌ കേന്ദ്രമായി കേരളം മാറണമെന്നാണ്‌ ആഗ്രഹമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here