വത്തിക്കാന്‍ സ്‌ഥാനപതിക്ക്‌ മാര്‍ ആന്റണി കരിയില്‍ രാജിക്കത്ത്‌ കൈമാറി

0

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി സ്‌ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത്‌ മാര്‍ ആന്റണി കരിയില്‍ വത്തിക്കാന്‍ സ്‌ഥാനപതിക്ക്‌ കൈമാറി. സിറോമലബാര്‍ സഭയുടെ കുര്‍ബാന ഏകീകരണത്തെ സംബന്ധിച്ച ഭിന്നതയാണ്‌ രാജിയില്‍ കലാശിച്ചത്‌.
ഒരാഴ്‌ചമുമ്പ്‌ വത്തിക്കാന്‍ സ്‌ഥാനപതി ഡോ. ലിയോപോള്‍ഡോ ജിറേലി ഡല്‍ഹിയില്‍ മാര്‍ കരിയിലുമായി കൂടികാഴ്‌ച നടത്തിയതിന്‌ പിന്നാലെയാണ്‌ സ്‌ഥാനത്യാഗത്തിനുള്ള സാഹചര്യം ഒരുങ്ങിയത്‌. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ സ്‌ഥാനപതി എറണാകുളം ബിഷപ്പ്‌ ഹൗസിലെത്തി രണ്ടുമണിക്കൂറോളം സംസാരിച്ചശേഷമാണ്‌ രാജി എഴുതിവാങ്ങിയത്‌. നേരത്തെ രാജി ആവശ്യം ഉന്നയിച്ച്‌ നോട്ടീസ്‌ നല്‍കിയ വിവരം പുറത്തുവന്നതോടെ എറണാകുളം അതിരൂപതയിലെ വൈദികരുടെ കൂട്ടായ്‌മ പ്രതിഷേധപ്രമേയം പാസാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ്‌ വത്തിക്കാന്‍ സ്‌ഥാനപതി കൊച്ചിയിലെത്തിയത്‌.
അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കാന്‍ ഡിസംബര്‍ 25 വരെ സാവകാശം വേണമെന്ന മാര്‍ കരിയിലിന്റെ ആവശ്യം നിലനില്‍ക്കെയാണ്‌ അതിനെതിരേ വത്തിക്കാന്റെ കടുത്തനടപടി. രാജിക്കത്ത്‌ ഒപ്പുവച്ചശേഷം പുറത്തുവന്ന വത്തിക്കാന്‍ സ്‌ഥാനപതി അതിരൂപത ഉന്നയിക്കുന്ന വിഷയങ്ങളില്‍ കൂരിയ അംഗങ്ങളുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഉചിതമായ തീരുമാനം പിന്നീട്‌ അറിയിക്കാമെന്ന്‌ അദേഹം വ്യക്‌തമാക്കി.
മാര്‍ കരിയില്‍ രാജിവച്ചാലും അതിരൂപതാഭരണം സംബന്ധിച്ച്‌ ഓഗസ്‌റ്റില്‍ ചേരുന്ന സിനഡിന്‌ ശേഷമേ അന്തിമതീരുമാനം ഉണ്ടാവുകയുള്ളു. ഇതിനിടെ ഭൂമിയിടപാട്‌ വിവാദത്തില്‍ നിന്ന്‌ ശ്രദ്ധതിരിക്കാനാണ്‌ കുര്‍ബാനക്രമം സംബന്ധിച്ച വിവാദം കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതെന്ന ആരോപണം മറുപക്ഷം ആവര്‍ത്തിച്ചു. ഏകീകൃത കുര്‍ബാനക്രമം ക്രിസ്‌മസ്‌ ദിനം മുതല്‍ നിലവില്‍ വരുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ ഡിസംബര്‍ 23ന്‌ അകംപൂര്‍ത്തിയാക്കണമെന്നും മാര്‍ കരിയില്‍ ഏപ്രില്‍ ആറിന്‌ വൈദികര്‍ക്ക്‌ അയച്ച സര്‍ക്കുലറില്‍ വ്യക്‌തമാക്കിയിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ്‌ രാജിസമ്മര്‍ദവുമായി ആന്റണി കരിയിലിനെ ഡല്‍ഹിക്ക്‌ വിളിപ്പിച്ചത്‌.
സുപ്രീംകോടതിയില്‍ കേസ്‌ നിലനില്‍ക്കുമ്പോള്‍ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയെ അനുകൂലിച്ച്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയതിന്‌ പിന്നാലെയാണ്‌ അദേഹത്തെ എതിര്‍ക്കുന്ന വിഭാഗത്തെ ഞെട്ടിച്ച്‌ വത്തിക്കാന്റെ തിരക്കിട്ട നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here