അവർ ഏറെ ആനന്ദത്തോടെ അനന്തകാലം ഒരുമിച്ച് ജീവിക്കും, മരണാനന്തരം…പ്രേത കല്യാണത്തിൻ്റെ വിശേഷങ്ങൾ അറിയാം

0

കൊട്ടും കുരവയുമായി പരമ്പരാഗത രീതിയിൽ വ്യാഴാഴ്ചയായിരുന്നു ശോഭയുടേയും ചന്ദപ്പയുടേയും വിവാഹം. എന്നാൽ വധുവും വരനും മരണപ്പെട്ടിട്ടു 30 വർഷങ്ങൾ കഴിഞ്ഞു. പ്രേത കല്യാണം എന്ന പേരിലറിയപ്പെടുന്ന, മരണശേഷമുള്ള വിവാഹമായിരുന്നു അത്.

ജനിക്കുമ്പോൾ തന്നെ ജീവൻ നഷ്ടമാകുന്നവരുടെ ആത്മാക്കൾക്ക് വേണ്ടിയാണ് ഈ ചടങ്ങ് നടത്തുന്നത്. കർണാടകയുടേയും കേരളത്തിന്റേയും ചില ഭാഗങ്ങളിൽ നിലവിലുള്ള ഒരു പ്രത്യേക ചടങ്ങാണ് പ്രേത കല്യാണം. മരിച്ചു പോയ കുട്ടിയുടെ ഓർമ്മയ്ക്ക് അവർക്കിണങ്ങിയ മറ്റൊരു മരിച്ചു പോയ പങ്കാളിയെ കണ്ടുപിടിച്ചു നടത്തുന്നതാണ് ഈ വിവാഹം. യൂട്യൂബറായ അന്നി അരുൺ ഇത്തരമൊരു വിവാഹത്തിന്റെ വിശേഷങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഞാനിന്നൊരു വിവാഹത്തിൽ പങ്കെടുക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഇത്തരമൊരു ട്വീറ്റിന്റെ ആവശ്യമുണ്ടോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്താണെന്നു വച്ചാൽ വരൻ മരിച്ചു, വധുവും മരിച്ചതാണ്, ഏതാണ്ട് 30 കൊല്ലം മുമ്പ്. അവരുടെ വിവാഹമാണിന്ന്’. 20 ട്വീറ്റുകളിലായാണ് അന്നി അരുൺ വിവാഹവിശേഷങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

ഏറെ പ്രാധാന്യത്തോടെയാണ് പ്രേത കല്യാണം നടത്തുന്നത്. പിറവിയിൽ തന്നെ മരിക്കുന്ന കുട്ടിക്ക് പറ്റിയ അത്തരത്തിൽ മരിച്ച മറ്റൊരു പങ്കാളിയെ കണ്ടെത്തിയാണ് വിവാഹം നടത്തുന്നത്. ഇരുവരുടേയും വീട്ടുകാർ പരസ്പരം വീടുകൾ സന്ദർശിച്ച് വിവാഹം നിശ്ചയിക്കും. എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റേതുപോലെ തന്നെ. കുട്ടികളേയും അവിവാഹിതരേയും വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാറില്ല. ഗംഭീരസദ്യയും ഉണ്ടാകും.

എറ്റവും ഒടുവിലത്തെ ട്വീറ്റിൽ അരുൺ ഇങ്ങനെ കുറിച്ചിരിക്കുന്നു-അവർ ഏറെ ആനന്ദത്തോടെ അനന്തകാലം ഒരുമിച്ച് ജീവിക്കും, മരണാനന്തരം..

Leave a Reply