ലേണേഴ്സ് പരീക്ഷയിൽ ആൾമാറാട്ടം; എഴുതുന്നത് ഡ്രൈവിംഗ് സ്കൂളുകാർ

0

ഓൺലൈൻ ലേണേഴ്‌സ് ടെസ്റ്റിന്റെ പാസ്വേഡിലെ ആശയക്കുഴപ്പം അപേക്ഷകരെ വട്ടംചുറ്റിക്കുന്നു. ഓൺലൈൻ പരീക്ഷ തുടങ്ങും മുൻപ് ലഭിക്കുന്ന പാസ്വേഡിലെ ആശയക്കുഴപ്പമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. എന്നാൽ ഇത് ഡ്രൈവിങ് സ്‌കൂളുകാർക്ക് ചാകരയായി മാറിയിരിക്കുകയാണ്. പരിവാഹൻ സാരഥി എന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ വെബ്ൈസറ്റിൽ ഓൺലൈനിൽ പരീക്ഷ തുടങ്ങും മുൻപ് പരിവാഹൻ സാരഥിയിൽനിന്ന് പരീക്ഷാർഥിയുടെ മൊബൈലിലേക്ക് പാസ്വേഡ് വരും. ഈ പാസ്വേഡ് കൊടുത്താലേ പരീക്ഷയെഴുതാനാകൂ.

ഈ പാസ്വേഡാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ആറ് ഇംഗ്ലിഷ് അക്ഷരങ്ങളാണ് പാസ്വേഡായി വരുന്നത്. പക്ഷേ ഈ അക്ഷരങ്ങളോട് ചേർന്നു തന്നെ ഉപരിതല ഗതാഗത മന്ത്രാലായത്തിന്റെ ഇംഗ്ലിഷ് ചുരുക്കപ്പേര് (മോർത്ത്) കൂടി ചേർത്താണ് മൊബൈലിൽ സന്ദേശം വരുന്നത്. ഇതും പാസ്വേഡിന്റെ ഭാഗമാണെന്നു കരുതി ഇതുകൂടി വെബ്‌സൈറ്റിൽ കൊടുത്താൽ വെബ്‌സൈറ്റ് പണിമുടക്കും. പാസ്വേഡ് തെറ്റാണെന്ന സന്ദേശം പോലും കാണിക്കുകയുമില്ല. അരമണിക്കൂറാണ് സമയമെന്നതിനാൽ പരീക്ഷാർഥികൾ ആശങ്കയിലാകും. വീണ്ടും ഈ ബുദ്ധിമുട്ട് വരുമെന്നതിനാൽ ഇവർ ഡ്രൈവിങ് സ്‌കൂളുകളുടെ സഹായം തേടും.

പാസ്വേഡ് ഡ്രൈവിങ് സ്‌കൂളിന് കൈമാറും. ഡ്രൈവിങ് സ്‌കൂളുകാർ തന്നെ പരീക്ഷയെഴുതി പാസാക്കുന്നുവെന്നുമാണ് മോട്ടർ വാഹനവകുപ്പിന്റെ പരിശോധനയിൽ വ്യക്തമാകുന്നത് . ഇങ്ങനെ പരീക്ഷയെഴുതി നൽകുന്നതിന് 500 മുതൽ 2500 വരെയാണ് ഒരാളിൽനിന്ന് വാങ്ങുന്നത്. പാസ്‌വേഡിലെ ഈ ആശയക്കുഴപ്പം മാറ്റണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ്, പരിവാഹൻ വെബ്‌സൈറ്റിൽ മാറ്റം വരുത്താൻ അധികാരമുള്ള നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave a Reply