ബിജെപിയിൽ നിന്നും ടിആർഎസിൽ നിന്നും പാർട്ടിയിൽ ചേരാൻ തയ്യാറായ നേതാക്കളെ മറ്റ് ഉപാധികളുമില്ലാതെ സ്വീകരിക്കാൻ തെലങ്കാന കോൺഗ്രസിന് അനുവാദം നൽകി ഹൈക്കമാൻഡ്

0

ഹൈദരാബാദ്: ബിജെപിയിൽ നിന്നും ടിആർഎസിൽ നിന്നും പാർട്ടിയിൽ ചേരാൻ തയ്യാറായ നേതാക്കളെ മറ്റ് ഉപാധികളുമില്ലാതെ സ്വീകരിക്കാൻ തെലങ്കാന കോൺഗ്രസിന് അനുവാദം നൽകി ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാം എന്ന വാഗ്ദാനം നൽകരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

‘ഒരു ഉപാധികളുമില്ലാതെ പാർട്ടിയിൽ അവർക്ക് പാർട്ടിയിൽ ചേരാം. പാർട്ടിയെ ശക്തിപ്പെടുത്താം. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് കോൺഗ്രസിനൊരു രീതിയുണ്ട്. ആ രീതിയിൽ തന്നെ 2023ലെ തെരഞ്ഞെടുപ്പിലും തുടരും’, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡി പറഞ്ഞു. രേവന്തും ഭട്ടി വിക്രമർക്കയും ചേർന്നാണ് എഐസിസി നേതാക്കളായ രാഹുൽ ഗാന്ധിയെയും കെസി വേണുഗോപാലിനെയും സന്ദർശിച്ചത്.

മുൻ ടിആർഎസ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു, ബിജെപി വാറംഗൽ ജില്ലാ പ്രസിഡന്റ് ശ്രീധർ കൊണ്ടേട്ടി, മുൻ മേധക് എംഎൽഎ പി ശ്രീധർ റെഡ്ഡി, മുൻ എംഎൽഎയും മഹാബുനഗർ ബിജെപി ജില്ലാ പ്രസിഡന്റ് എറ ശേഖർ, മുൻ ഹുസ്നബാദ് എംഎൽഎ അലിഗിറെഡ്ഡി എന്നിവർ കോൺഗ്രസിൽ ചേരുമെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

ദേശീയ എക്സിക്യൂട്ടീവ് യോഗം നിന്ന് നടത്തി സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാൻ ശ്രമിക്കവേ രണ്ട് ജില്ലാ പ്രസിഡന്റുമാർ പാർട്ടി വിടുന്നത് ബിജെപിക്ക് ക്ഷീണമാവും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി നാല് സീറ്റുകൾ നേടിയിരുന്നു. രണ്ട് നിയമസഭ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. ഇതോടെ പ്രധാന പ്രതിപക്ഷ കക്ഷി ആവുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.

മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന ബോഡ ജനാർദൻ കോൺഗ്രസിൽ ചേർന്നിരുന്നു. മുൻ എംഎൽസിയായ പ്രേം സാഗർ റാവുവും ആദിലാബാദ് ജില്ലയിൽ നിന്നുള്ള നിരവധി ബിജെപി പ്രാദേശിക നേതാക്കളും ബോഡ ജനാർദനോടൊപ്പം കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. തെലങ്കാന കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എഐസിസിസി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തന്നിൽ വിശ്വാസമർപ്പിച്ചു.

ജനങ്ങൾക്ക് വേണ്ടി പോരാടുവാനുള്ള ഉത്തരവാദിത്വം നൽകിയിരിക്കുന്നു. ടിആർഎസ് സർക്കാരിനാൽ വഞ്ചിക്കപ്പെട്ട ദളിതുകൾക്കും ആദിവാസികൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും വേണ്ടി കോൺഗ്രസ് പോരാടുകയാണെന്നും ബോഡ ജനാർദൻ പറഞ്ഞു. മുൻ മന്ത്രിയും കോൺഗ്രസ് നിയമസഭ കക്ഷി നേതാവുമായിരുന്ന പി ജനാർദൻ റെഡ്ഡിയുടെ മകളായ പി വിജയ റെഡ്ഡിയും ടിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here