മന്ത്രി എത്തിയത് ചികിത്സാ സഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ ; 27കാരനായ യുവാവിന്റെ ജീവിത സാഹചര്യമറിഞ്ഞപ്പോൾ കൈയിൽ കിടന്ന സ്വർണവള ഊരി ചികിത്സാ സഹായസമിതിക്ക് കൈമാറി മന്ത്രി ആർ ബിന്ദു

0

തൃശ്ശൂർ: തിരക്കിട്ട പരിപാടികൾ പലതും ഒഴിവാക്കിയായിരുന്നു യുവാവിന്റെ ചികിത്സാ സഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാൻ മന്ത്രി ആർ. ബിന്ദു എത്തിയത്. എന്നാൽ കൊമ്പുകുഴൽ കലാകാരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ മന്ത്രിക്ക് യോഗത്തിൽ നിന്നും അങ്ങിനെ അങ്ങ് ഇറങ്ങി പോകാൻ കഴിഞ്ഞില്ല. ആ ചെറുപ്പക്കാരന്റെ ചികിത്സയ്ക്കായി തന്നാൽ കഴിയുന്നത് ചെയ്യണമെന്ന് അവർ തീരുമാനിച്ചു.

വിവേകിന്റെ സാഹചര്യം മനസ്സിലാക്കിയ അവർ തന്റെ കൈയിലെ സ്വർണവള ഊരി ചികിത്സാസഹായസമിതിക്ക് കൈമാറി. വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാൻ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്. വിവേകിന്റെ മാതാപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്.മൂർക്കനാട് ഗ്രാമീണ വായനശാലാ അങ്കണത്തിലായിരുന്നു യോഗം.

ചികിത്സാസഹായസമിതി കൺവീനർ പി.കെ. മനുമോഹൻ, സമിതി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ നസീമ കുഞ്ഞുമോൻ, മൂർക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പിൽ എന്നിവർ ചേർന്ന് വള ഏറ്റുവാങ്ങി. കുഴൽകലാകാരനാണെങ്കിലും മറ്റുജോലികളും ചെയ്താണ് വിവേക് കുടുംബം പുലർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here